പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ എവര്‍ഗ്രീന്‍ ചിത്രം ‘കോട്ടയം കുഞ്ഞച്ചന്‍’. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വിവരം പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ തന്നെയാണ് സ്വീകരിച്ചത്. ആദ്യ ചിത്രത്തിന്റെയും പുതിയ ചിത്രത്തിന്റെയും അണിയറപ്പ്രവര്‍ത്തകര്‍ തമ്മിലുള്ള പകര്‍പ്പവകാശത്തര്‍ക്കംമൂലം പിന്നീട് ചിത്രം പാതിവഴിയിലുപേക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുഞ്ഞച്ചന് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയാകുന്നതേയുള്ളു എന്നറിയിച്ചിരിക്കുകയാണ് പുതിയ ചിത്രത്തിന്റെ സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസ്. സിപിസിയുടെ പുരസ്‌കാരവേദിയിലാണ് മിഥുന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആട് 2ന്റെ നൂറാം ദിന വിജയാഘോഷ വേളയിലാണ് മമ്മൂട്ടി നായകനായ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന് മിഥുന്‍ മാനുവല്‍ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും അന്ന് പുറത്ത് വിട്ടിരുന്നു. പിന്നീട് ചിത്രത്തെ പറ്റി മറ്റ് റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിരുന്നില്ല. അതിനിടെ കാളിദാസനെ നായകനാക്കി അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രമൊരുക്കുകയും ചെയ്തിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറക്കിയ സിനിമയായിരുന്നു ‘കോട്ടയം കുഞ്ഞച്ചന്‍’. സിനിമ വന്‍ഹിറ്റായിരുന്നു. മുട്ടത്തുവര്‍ക്കിയുടെ കഥയില്‍ ഡെനീസ് ജോസഫാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്.