അതുല്യ നടന്‍ സത്യന്റെ ഓര്‍മ്മ ദിവസം

','

' ); } ?>

ഇന്നേക്ക് 49 വര്‍ഷം മുമ്പ്, 1971 ജൂണ്‍ 15നാണ് അതുല്യ നടന്‍ സത്യന്‍ വിടവാങ്ങിയത്. രക്താര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. താരതിളക്കത്തിനുമപ്പുറം കഥാപാത്രങ്ങളെ സ്വാഭാവികാഭിനയത്തിലൂടെ വെള്ളിത്തിരയിലെത്തിച്ച നടനായിരുന്നു സത്യന്‍. സ്വന്തം പ്രതിഭയെ പറ്റി തികഞ്ഞ ബോധ്യമുളള, ധിക്കാരിയായ കലാകാരനെന്നാണ് അദ്ദേഹത്തിന്റെ വിശേഷണം. ഓടയില്‍ നിന്ന്, ചെമ്മീന്‍, മുടിയനായ പുത്രന്‍, യക്ഷി, ഒരു പെണ്ണിന്റെ കഥ, കടല്‍പ്പാലം, അനുഭവങ്ങള്‍ പാളിച്ചകള്‍…. സത്യന്റെ അഭിനയ സിദ്ധി വിളിച്ചോതിയ ചിത്രങ്ങള്‍ നിരവധിയാണ്.

രണ്ടു തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള സത്യന്‍ ദശാബ്ദങ്ങള്‍ കടന്നുപോയിട്ടും ഇന്നും ചലച്ചിത്രലോകത്ത് ഒരു പാഠപുസ്തകമായി ജീവിക്കുന്നു. മലയാള നടന്മാരില്‍ ഒട്ടനവധി പേര്‍ അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സത്യന്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം അദ്ദേഹം മികവു പുലര്‍ത്തിയെന്നതാണ് സവിശേഷത. സത്യന്റെ ജീവിതത്തിലെ വഴിത്തിരിവായ ഒരു സിനിമ 1954 ല്‍ ഇറങ്ങിയ നീലക്കുയില്‍ ആയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ രജത കമലം അവാര്‍ഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയില്‍. മലയാളത്തില്‍ സത്യന്‍ 150ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ തമിഴിലും 2 ചിത്രങ്ങളില്‍ അഭിനയിച്ചു.