എം എസ് ബാബുരാജ് എന്ന അനുഗ്രഹീത സംഗീത പ്രതിഭയെ ഓര്‍മ്മിക്കുകയാണ് എഴുത്തുകാരനും സംഗീത നിരൂപകനുമായ രവി മേനോന്‍. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ.
ഓരോ വര്‍ഷവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍, പുരസ്‌കാര ജേതാക്കള്‍ താരശോഭയോടെ മാധ്യമങ്ങളില്‍ നിറയുമ്പോള്‍, അറിയാതെ ഓര്‍ത്തുപോകും ഒരാളെ മെലഡിയുടെ രാജകുമാരനായ എം എസ് ബാബുരാജിനെ. സംസ്ഥാന അവാര്‍ഡിന്റെ 52 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു തവണ പോലും വിജയികളുടെ പട്ടികയില്‍ ഇടം നേടാനാകാതെ പോയ ഒരാള്‍. സര്‍ക്കാര്‍ അവാര്‍ഡ് മാത്രമല്ല പറയത്തക്ക ബഹുമതികള്‍ ഒന്നുമില്ല ബാബുരാജിന്റെ ബാലന്‍സ് ഷീറ്റില്‍; ആസ്വാദക ഹൃദയങ്ങളുടെ സ്‌നേഹനിര്‍ഭരമായ ആശ്ലേഷങ്ങളല്ലാതെ. വിടവാങ്ങി 43 വര്‍ഷം കഴിഞ്ഞിട്ടും ബാബുരാജ് ഗാനങ്ങള്‍ ആസ്വദിക്കപ്പെടുന്നു; ആഘോഷിക്കപ്പെടുന്നു. കവര്‍ വേര്‍ഷനുകളായി പുനര്‍ജ്ജനിച്ചുകൊണ്ടേയിരിക്കുന്നു അവ. പുരസ്‌കാരങ്ങള്‍ പോലും അപ്രസക്തമാക്കിക്കൊണ്ട്.
1960 കളായിരുന്നു ബാബുരാജ് സംഗീതത്തിന്റെ സുവര്‍ണ്ണദശ. പുതിയ സമവാക്യങ്ങളും അഭിരുചികളും പ്രവണതകളും രൂപപ്പെട്ട എഴുപതുകളുടെ തുടക്കത്തോടെ മത്സരം കനത്തു. അര്‍ത്ഥദീപ്തമായ രചനകള്‍ കുറഞ്ഞുവന്നു. ഈ പരിമിതികള്‍ക്കിടയിലും മനോഹര ഗാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു ബാബുരാജ്. 1969 ലാണ് ആദ്യമായി സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. ബാബുരാജ് യാത്രയായത് 1978 ഒക്ടോബര്‍ ഏഴിനും. ഈ ഒന്‍പത് വര്‍ഷത്തിനിടക്ക് ബാബുക്ക സമ്മാനിച്ച പാട്ടുകളില്‍ എനിക്കേറെ പ്രിയപ്പെട്ടവ ഇതാ. മനസ്സുകൊണ്ട് അവയ്ക്ക് ആദരം അര്‍പ്പിക്കട്ടെ….അവാര്‍ഡ് സമര്‍പ്പിക്കട്ടെ.
ചന്ദ്രബിംബം നെഞ്ചിലേറ്റും (പുള്ളിമാന്‍), അസ്തമനക്കടലിന്നകലെ (സന്ധ്യ), സൃഷ്ടി തന്‍ സൗന്ദര്യ മുന്തിരിച്ചാറിനായ് (സൃഷ്ടി), ഇന്ദുലേഖ തന്‍ (അനാഥ), ഇടക്കൊന്ന് ചിരിച്ചും, മണിമാരന്‍ തന്നത് (ഓളവും തീരവും), ദുഖങ്ങള്‍ക്കിന്നു ഞാന്‍ (അമ്പലപ്രാവ്), കാലം മാറിവരും കാറ്റിന്‍ ഗതി മാറും (ക്രോസ്‌ബെല്‍റ്റ്), ആടാനുമറിയാം, കണ്ണീരാലൊരു പുഴയുണ്ടാക്കി, കണ്ണിന് കണ്ണായ കണ്ണാ (പ്രിയ), കിഴക്കേ മലയിലെ, കാലം ഒരു പ്രവാഹം (ലോറാ നീ എവിടെ), വിജനതീരമേ (രാത്രിവണ്ടി), കാളിന്ദി തടത്തിലെ രാധ, ദീപാരാധന നട തുറന്നു (ഭദ്രദീപം), ജീവിതേശ്വരിക്കേകുവാന്‍ (ലേഡീസ് ഹോസ്റ്റല്‍), ഹൃദയത്തില്‍ നിറയുന്ന, കണ്ട് രണ്ടു കണ്ണ് (ചുഴി), കടലേ നീലക്കടലേ (ദ്വീപ്), അള്ളാവിന്‍ കാരുണ്യം (യത്തീം)…..
ബാബുരാജ് ഹിറ്റുകളുടെ വ്യത്യസ്തമായ ”കവര്‍” പതിപ്പുകളിലൂടെ ജനപ്രിയരായി മാറിയവരും ബഹുമതികള്‍ നേടിയവരും നിരവധി. വൈകിയെങ്കിലും സ്വന്തം സൃഷ്ടികളെ തേടിയെത്തുന്ന ഈ അംഗീകാരങ്ങള്‍ ദൂരെയെങ്ങോയിരുന്ന് ആസ്വദിക്കുന്നുണ്ടാകുമോ ആ ഗാനങ്ങളുടെ യഥാര്‍ത്ഥ ശില്‍പ്പി?.
രവിമേനോന്‍