
നീതിയേയും ന്യായത്തേയും കുറിച്ചുള്ള തന്റെ കാഴ്‌ചപ്പാട് വ്യക്തമാക്കി കുറിപ്പ് പങ്കുവെച്ച് നടി മീനാക്ഷി അനൂപ്. “ജീവിതം കൂടുതൽ പ്രശ്‌നരഹിതമായി ഇരിക്കുവാൻ വേണ്ടി മനുഷ്യൻ കൊണ്ട് വന്നതാണ് നീതിയും ന്യായവും” എന്നാണ് മീനാക്ഷിയുടെ അഭിപ്രായം. മറ്റൊരു പോസ്‌റ്റിൽ ഒരാൾ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ സമൂഹ മാധ്യമത്തിലൂടെ മീനാക്ഷി പങ്കുവെച്ച കുറിപ്പ് നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്.
“മനുഷ്യൻ അവൻ്റെ ജീവിതം കൂടുതൽ പ്രശ്‌നരഹിതമായി ഇരിക്കുവാൻ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവും. മനുഷ്യൻ വനവാസിയായിരുന്ന കാലത്താവട്ടെ കാട്ടു നീതിയായിരുന്നു. ആധുനിക പൗരബോധത്തിൽ കൂടുതൽ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതൽ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം. ആധുനിക പൗരബോധത്തിൽ തുല്യത എന്നൊന്നിനെ നിർവചിക്കുമ്പോൾ ഒരു വീട്ടിലെ പുരുഷൻ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്നു പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല… പുരുഷന്റെ പിന്നിലാണ് സ്ഥാനം എന്ന നിലയില്ലാതെ തുല്യത എന്ന നീതി”. മീനാക്ഷി കൂട്ടിച്ചേർത്തു.
“മറ്റൊന്ന് ഫിസിക്കലി ഡിസേബിൾഡ് ആയ ഒരാൾക്ക് തന്റെ വീൽചെയറിൽ ഒരു സാധാരണ ഒരാൾക്ക് സാധിക്കുന്നതു പോലെ വീൽചെയറിൽ എടിഎമ്മിലോ മാളുകളിലോ കോളജിലോ ബാങ്കുകളിലോ ഒക്കെ എത്താൻ കഴിയും വിധം വീൽചെയർ റാമ്പുകൾ ഉറപ്പാക്കി അവരെയും തുല്യതയിൽ എത്തിക്കുക എന്ന ന്യായം. നമുക്ക് തോന്നുക ഇതൊക്കെ സ്‌റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നാണ്. യഥാർഥത്തിൽ ഇത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്നതാണ് സത്യം. ഒരു നാട്ടിൽ ഉള്ള സൗകര്യങ്ങൾ ആ നാട്ടിലുള്ളവരേയും അഭിമാനാർഹരാക്കും”, മീനാക്ഷി അനൂപ് കൂട്ടിച്ചേർത്തു.
മീനാക്ഷിയുടെ എഴുത്തിനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്. ഇതിനു മുന്നേ മീനാക്ഷി പങ്കുവെച്ച കുറിപ്പുകളൊക്കെ വൈറലാവുകയും, സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. എങ്ങനെയാണ് ഇത്തരം അറിവുകൾ നേടുന്നതെന്ന ചോദ്യത്തിന് മീനാക്ഷിയുടെ മറുപടി ഇങ്ങനെയായിരുന്നു.”വൈശാഖൻ തമ്പിയേയും;. മൈത്രേയനേയും ഒക്കെ കേൾക്കാറുണ്ട്… ഒരു ഫോൺ കോൾ ദൂരത്ത് ആത്മവിശ്വാസമായി അവരുണ്ടെനിക്ക്..”