
വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. “തനിക്ക് ഏറ്റവും അടുത്തു നില്ക്കാന് കഴിയുന്നയാളെ കണ്ടെത്താൻ തനിക്കേ കഴിയുകയുള്ളൂവെന്നും, വിവാഹ ചെലവെന്ന് പറഞ്ഞ് അച്ഛനേയും അമ്മയേയും സമ്മര്‍ദ്ദത്തിലാക്കാന്‍ തനിക്കിഷ്ടമല്ലയെന്നും മീനാക്ഷി പറഞ്ഞു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മീനാക്ഷി മനസ് തുറന്നത്.
”ഇത്രകാലം അച്ഛനും അമ്മയും വളര്‍ത്തി. ഇനിയങ്ങോട്ട് വളരേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏറ്റവും യോജിച്ച അല്ലെങ്കില്‍, എനിക്ക് ഏറ്റവും അടുത്തു നില്ക്കാന് കഴിയുന്നയാളെ കണ്ടെത്താനും എനിക്കല്ലേ പറ്റൂ. വിവാഹ ചെലവെന്ന് അച്ഛനേയും അമ്മയേയും സമ്മര്‍ദ്ദത്തിലാക്കാന്‍ എനിക്കിഷ്ടമല്ല. അപ്പോഴത്തെ സാമ്പത്തിക നിലവാരത്തിനനുസരിച്ച് ലളിതമായോ ആഘോഷമായോ ഒക്കെ നടത്താന്‍ തീരുമാനിക്കാവുന്നതേയുള്ളൂ.” മീനാക്ഷി പറഞ്ഞു.
”സ്വന്തമായി വീട് വേണമെന്ന ആഗ്രഹം ചെറിയ പ്രായത്തിലേ ഉണ്ട്. വിവാഹത്തിലൂടെ പറിച്ചു നടല്‍ വേണ്ട എന്നാണ് കരുതുന്നത്. ആണ്‍കുട്ടി ഇങ്ങോട്ട് വന്നാലും ഞാന്‍ അങ്ങോട്ട് പോയാലും പറിച്ചു നടലാകും. രണ്ട് പേര് ഒരുമിക്കുന്നതിലുള്ള പുതുമ എല്ലാ കാര്യത്തിലും വേണം. ഒരുമിച്ച് പുതിയൊരു ഇടത്തു നിന്നും തുടങ്ങുന്നതാകും നല്ലത്. നിലവിലുള്ള ജീവിതരീതികളൊന്നും അതിനായി മാറേണ്ടി വരരുത്. സ്വര്‍ണം വച്ച് വിവാഹം നടത്തുന്നതിനോടൊന്നും എനിക്ക് തീരെ താല്പര്യമില്ല. എനിക്ക് സ്വര്‍ണം വേണമെങ്കില്‍ ഞാനല്ലേ വാങ്ങിയിടേണ്ടത്. വീട്ടുകാര്‍ അതിന് വേണ്ടി സമ്മര്‍ദ്ദത്തിലാകേണ്ടതില്ല.” മീനാക്ഷി കൂട്ടിച്ചേർത്തു.