
തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളിൽ പ്രതികരിച്ച് നടി മീന സാഗർ. വാർത്തകൾ ഏറെ വേദനിപ്പിച്ചുവെന്നും ഇതെല്ലാം കാണുമ്പോൾ ഭയങ്കരമായ ദേഷ്യം വരാറുണ്ടെന്നും മീന പറഞ്ഞു. താനൊരു സ്ത്രീയായത് കൊണ്ട് എന്തും എഴുതാമെന്ന ഭാവമാണ് ഇവർക്കെന്നും, തന്റെ സമയവും ആരോഗ്യവും നെഗറ്റീവ് കാര്യത്തിന് ചെലവഴിക്കാൻ താത്പര്യമില്ലാത്തത് കൊണ്ടാണ് ഇതിനൊന്നും മറുപടി കൊടുക്കാതെതെന്നും മീന പറഞ്ഞു. ഗലാട്ട തമിഴിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഇപ്പോൾ എന്നെ കുറിച്ച് ഏറ്റവും അധികമായി കേൾക്കുന്ന വിവാദം എന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ്. അതിലെന്തെങ്കിലും സത്യമുണ്ടെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരാളുണ്ടെങ്കിൽ അതേക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതിൽ തെറ്റില്ല. ഇതിപ്പോൾ വെറുതേ എന്തെങ്കിലും ഏതെങ്കിലും എഴുതുകയാണ്. ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോൾ സിംഗിളാണ് എന്നൊക്കെയുള്ള കാരണങ്ങളായതുകൊണ്ടാവാം എന്തും പറയാം എന്ന തോന്നലാണ് എഴുതുന്നവർക്ക്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടലും ശല്യപ്പെടുത്തലുമാണ്, എന്നാണ് എനിക്ക് എന്റെ ക്ഷമ വിടുന്നതെന്ന് അറിയില്ല. ഇപ്പോൾ ഞാൻ എല്ലാവരെയും വിട്ടുവച്ചിരിക്കുകയാണ്.” മീന പറഞ്ഞു.
“എന്റെ സമയവും ആരോഗ്യവും എനർജിയും ഒന്നും എനിക്ക് നെഗറ്റീവായ ഒരു കാര്യത്തിന് വേണ്ടി ചെലവഴിക്കാൻ താത്പര്യമില്ല. തെറ്റായ, മോശമായ, ആവശ്യമില്ലാത്ത ഒരു കാര്യത്തിന് വേണ്ടിയും വിലപ്പെട്ട എൻ്റെ നേരവും ആരോഗ്യവും ചിന്തയും കളയാൻ സാധിക്കില്ല. ഞാൻ വളരെ പോസിറ്റീവ് ആയിട്ടുള്ള ആളാണ്. എനിക്ക് സന്തോഷത്തോടെ ഇരിക്കാനും, പോസിറ്റീവ് കാര്യങ്ങൾ പങ്കുവയ്ക്കാനുമൊക്കെയാണ് ഇഷ്‌ടം. അത്തരം കാര്യങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതാണ് ഞാൻ ചെയ്യുന്നത്. അങ്ങനെയാണ് ഞാൻ ജീവിക്കുന്നത്.” മീന കൂട്ടിച്ചേർത്തു.