15ാം വയസ്സില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു…തുറന്ന് പറഞ്ഞ് സംഗീത ഭട്ട്

കന്നട സിനിമാ ലോകത്തു നിന്നും മീടൂ വെളിപ്പെടുത്തല്‍. സിനിമാ മേഖലയില്‍ നിന്നുള്ള ചിലരുടെ പീഡനങ്ങള്‍ 15ാം വയസ്സില്‍ തനിക്ക് ഏല്‍ക്കേണ്ടി വന്നതായും ഇപ്പോഴും അതുതന്നെ അലോസരപ്പെടുത്തുണ്ടെന്നും കാണിച്ച് നടി സംഗീത ഭട്ടാണ് രംഗത്ത് വന്നത്. താനനുഭവിക്കുന്ന വേദനയും മനഃസംഘര്‍ഷവും ആരുമറിയാതെ പോകരുത് എന്നതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്. അനന്തരഫലം മുന്‍കൂട്ടി കണ്ടുതന്നെയാണ് ഇതെഴുതുന്നത്. ആ സംഭവങ്ങള്‍ തന്നെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇപ്പോഴും അതിന് ചികിത്സയിലാണെന്നും നടി കുറിപ്പില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരെ അക്രമം കാട്ടിയവരുടെ പേരുകള്‍ നടി വെളിപ്പെടുത്തിയിട്ടില്ല.

10 വര്‍ഷത്തെ തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചതും ഈ ദുരനുഭവങ്ങള്‍ കൊണ്ടാണെന്നും സംഗീത തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. 2008 ല്‍ കാസ്റ്റിങ് ഡയറക്ടറാണ് തന്നെ ലൈംഗികമായി ആദ്യം കൈയേറ്റം ചെയ്തത്. ആ കാലം മോശപ്പെട്ട ഓര്‍മ്മകളുടേതാണ്. കാസ്റ്റിങ് ഡയറക്ടര്‍, പ്രശസ്തരായ ഡയറക്ടര്‍മാര്‍, നടന്മാര്‍, കോമഡി താരങ്ങള്‍, ഹെയര്‍ ഡ്രസ്സേഴ്സ് തുടങ്ങിയവര്‍ തുടര്‍ച്ചയായി പലവട്ടം തന്റെ സ്വകാര്യത ലംഘിക്കുകയും സിനിമാ മേഖലയില്‍ തന്നെ താറടിച്ചു കാണിക്കുകയും ചെയ്തിട്ടുണ്ട്. പലരും തന്റെ കഥ പുറത്തുപറയരുതെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇത് തുറന്നുപറയാനുള്ള സമയമാണ്’ സംഗിത പറഞ്ഞു.