ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു: മീ ടൂ വെളിപ്പെടുത്തലുമായി അമല പോള്‍

തെന്നിന്ത്യന്‍ താരം അമലാ പോളും മീ ടൂ വെളിപ്പെടുത്തലുമായി രംഗത്ത് . തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെയാണ് അമലാ പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സൂസി ഗണേശനെതിരേ ലീന മണിമേഖലയുടെ പരാതിയെ പിന്തുണച്ചാണ് അമലയും വെളിപ്പെടുത്തല്‍ നടത്തിയത്.

തിരുട്ടുപയലെ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ സൂസി ഗണേശന്‍ ദ്വയാര്‍ത്ഥത്തില്‍ തന്നോട് സംസാരിക്കുകയും മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നും അമല പോള്‍ ആരോപിക്കുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് വളരെയേറെ മാനസികവേദന ഏല്‍ക്കേണ്ടി വന്നിരുന്നതായും താരം വെളിപ്പെടുത്തുന്നു. സൂസി സ്ത്രീകളോട് ഒട്ടും ബഹുമാനം കാണിക്കാത്തയാളാണ്. ഇത്തരത്തില്‍ പെരുമാറുന്ന പുരുഷന്മാര്‍ സ്വന്തം വീടുകളില്‍ ഭാര്യയോടും മകളോടും പെരുമാറുന്നത് പോലയല്ല, തൊഴിലിടത്തില്‍ പെരുമാറുന്നത്. വിഷയത്തില്‍ ഭരണകൂടവും നിയമവ്യവസ്ഥയും കൃത്യമായ ഇടപെടല്‍ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അമല കൂട്ടിച്ചേര്‍ക്കുന്നു.