‘ചതുര്‍മുഖ’ത്തിലെ ആദ്യ ഗാനം

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചതുര്‍മുഖത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘മായകൊണ്ട്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനാണ്. മനു മഞ്ജിത്താണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ ജീവിതം കാട്ടുന്നതാണ് ഗാനം. സോഷ്യല്‍ മീഡിയയില്‍ എല്ലാ കാര്യങ്ങളും പങ്കുവെക്കുന്ന വ്യക്തിയാണ് മഞ്ജുവിന്റെ കഥാപാത്രം. ഗാനം ഒരുക്കിയിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്.ചതുര്‍മുഖം എന്ന പേര് സൂചിപ്പിക്കുന്നതുകപോലെ തന്നെ ചിത്രത്തില്‍ നാലു പ്രധാന കഥാപാത്രങ്ങളാണ് ഉളളത്.മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ഇവരോടൊപ്പം ഒരു ഫോണ്‍ ആണ് നാലാം മുഖമായി എത്തുന്നത്.മലയാളത്തിലെ ആദ്യത്തെ ടെക്നോ- ഹൊറര്‍ ചിത്രമായി ഒരുങ്ങുന്ന ചതുര്‍മുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഏപ്രില്‍ 8ന് ചിത്രം തീയറ്ററുകളിലെത്തും.

മഞ്ജുവിന്റെ തേജസ്വിനി, സണ്ണിയുടെ ആന്റണി, അലന്‍സിയാറുടെ ക്ലമന്റ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കോളേജിലെ സഹപാഠികളായിരുന്ന തേജസ്വിനിയും ആന്റണിയും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്റെ ബിസിനസ്സ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളേജ് അധ്യാപകനായ ക്ലെമെന്റ് കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണ സാഹചര്യവും അതിന്റെ തുടര്‍ച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.

നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.