
ലിയോ സിനിമയിൽ തൃഷയുടെ മോൻ ആയി താൻ അഭിനയിക്കുന്നതിൽ തൃഷയ്ക്ക് താല്പര്യമുണ്ടായിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് നടൻ മാത്യു തോമസ്. തൃഷ തന്നെ തന്നോടികാര്യം പറഞ്ഞെന്നും മാത്യു പറഞ്ഞു. കൂടാതെ ചിത്രത്തിൽ വിജയ്യുടെ മേലേക്ക് ജാവലിൻ ത്രോ എറിയുന്ന സീൻ കമ്പ്യൂട്ടർ ഗ്രാഫിക്സ് ആണെന്നും, ആ സീനിൽ വിജയ് നീ അറിഞ്ഞോണ്ട് അല്ലേടാ എറിഞ്ഞതെന്ന് ചോദിക്കുന്നുണ്ടെന്നും അത് അധികം ആരും ശ്രദ്ധിക്കാതെ പോയെന്നും മാത്യു കൂട്ടിച്ചേർത്തു. പേർളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“തൃഷ മാമിനെ ആദ്യം കണ്ടപ്പോൾ ഞാൻ മോൻ ആയിട്ട് അഭിനയിക്കുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിരുന്നു. എനിക്കും മോൻ ആകാൻ താല്പര്യം ഉണ്ടായിരുന്നില്ല, ദത്ത് പുത്രൻ ആയിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്. ചിത്രത്തിലെ ജാവലിൻ ത്രോ ആ സിനിമയ്ക്ക് വേണ്ടി പഠിച്ചതാണ്. അവിടെ ആക്ഷൻ ടീമിലെ ഒരാൾ ഉണ്ടായിരുന്നു. അപ്പോൾ സ്നോയിലാണ് പഠിച്ചത്. വിജയ് സാറിന്റെ മേലേക്ക് എറിയുന്നത് എല്ലാം കമ്പ്യൂട്ടർ ഗ്രാഫിക്സ് ആണ്. ശരിക്കും എറിഞ്ഞിരുന്നേൽ എന്തെങ്കിലും പറ്റിയാൽ പ്രശ്നം ആവില്ലേ. അച്ഛൻ തന്നെയാണ് വിളിച്ച് പറഞ്ഞത് ആര് വന്നാലും ഒന്നും നോക്കണ്ട വലിച്ച് എറിഞ്ഞോ എന്ന്. അതാണ് അച്ഛന് നേരെ ജാവലിൻ എറിഞ്ഞത്. അതിനിടയിൽ ഒരു ഡയലോഗ് ഉണ്ട് വിജയ് സാർ പറയുന്നത് ‘അറിഞ്ഞോണ്ട് അല്ലേടാ നീ എറിഞ്ഞത്’ എന്ന്. അത് ആരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു,’ – മാത്യു തോമസ് പറഞ്ഞു.
നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ് ആണ് മാത്യുവിന്റെതായി ഇനി പുറത്തുവരാനുള്ള ചിത്രം. അതേസമയം, ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.