തിയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍; മാസ്റ്റര്‍ 13ന് ഇല്ല

','

' ); } ?>

സിനിമ തീയറ്റര്‍ ഉടന്‍ തുറക്കില്ലെന്ന് ഫിലിം ചേമ്പര്‍. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഉപാധികള്‍ പരിഹരിച്ച ശേഷമെ തീയറ്റര്‍ തുറക്കുകയുള്ളു. അന്യഭാഷ ചിത്രങ്ങളും റിലീസ് ചെയ്യില്ലെന്നാണ് തീരുമാനം. അതിനാല്‍ ജനുവരി 13ന് മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യാന്‍ സാധ്യതയില്ല. വൈദ്യുതി ചാര്‍ജില്‍ ഇളവ്, വിനോദ നികുതി ഒഴിവാക്കല്‍, സിനിമ മേഖലയ്ക്ക് സമഗ്ര പാക്കേജ് നടപ്പാക്കല്‍ തുടങ്ങിയവയാണ് മുന്നോട്ട് വെച്ച ഉപാധികള്‍. അതേസമയം സിനിമകള്‍ തിയറ്ററുകള്‍ക്ക് നല്‍കുന്നതില്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കാനുള്ള കുടിശികയുടെ കാര്യത്തില്‍ വിഷയമായിട്ടില്ല.

തിയേറ്റര്‍ തുറക്കുമെന്ന് സംയുക്ത തീയറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. തിയറ്റര്‍ തുറക്കാനുള്ള തീരുമാനം ഏകപക്ഷീയമായിപ്പോയെന്ന് ചര്‍ച്ചയില്‍ ദിലീപ് പറഞ്ഞു. അനുരഞ്ജന ചര്‍ച്ചയ്ക്കാണ് ദിലീപിന്റെ ശ്രമം. സിനിമാ വിതരണക്കാരുടെ അടിയന്തര യോഗം ഇന്ന് ഉച്ചയ്ക്ക് കഴിഞ്ഞു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിയറ്ററുടമകള്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും കത്തുനല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് മുന്‍പായിരുന്നു തിയേറ്ററുടമകള്‍ കത്തുനല്‍കിയത്. പ്രശ്‌നങ്ങള്‍ അനാവശ്യമെന്നും നേരിട്ട് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും തിയേറ്ററുടമകള്‍ കത്തില്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും എതിര്‍പ്പ് പ്രകടിപ്പിച്ചു .

സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയറ്റര്‍ തുറക്കാന്‍ തിയറ്ററുടമകള്‍ എടുത്ത തീരുമാനത്തിലാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും എതിര്‍പ്പ്. അതോടൊപ്പം തന്നെ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും തിയറ്ററുടമകളില്‍ നിന്ന് ലഭിക്കാനുള്ള തുകയുടെ കണക്കും ചേംബറിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ തുക നല്‍കാതെ സിനിമകള്‍ നല്‍കില്ല എന്ന നിലപാടിലാണ് വിതരണക്കാര്‍.

വിജയ് ചിത്രം മാസ്റ്ററിന്റെ പകര്‍പ്പ് വിതരണക്കാര്‍ നല്‍കാത്തപക്ഷം തമിഴ്‌നാട്ടില്‍ നിന്ന് നേരിട്ട് ചിത്രം എടുക്കാനുള്ള നടപടികള്‍ തിയേറ്ററുടമകള്‍ സ്വീകരിക്കുമെന്ന സൂചനയുമുണ്ട്. അങ്ങനെ ഒരു നടപടിയുണ്ടായാല്‍ മലയാളസിനിമകള്‍ ഇനി തിയറ്ററുടമകള്‍ക്ക് നല്‍കില്ലെന്നാണ് വിതരണക്കാര്‍ അറിയിച്ചിരിക്കുന്നത്. ചേംബറിന്റെ യോഗം നടന്നുകൊണ്ടിരിക്കുകയാണ്.