
പുതിയ സിനിമയുടെ പ്രഖ്യാപനവുമായി മാരി സെൽവരാജ്. ധനുഷിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന് താത്കാലികമായി ഡി 56 എന്ന പേരാണ് നൽകിയിരിക്കുന്നത്. കർണ്ണൻ എന്ന ശ്രദ്ധേയമായ സിനിമയ്ക്ക് ശേഷം മാരി സെൽവരാജും ധനുഷും ഒന്നിക്കുന്നതിനാൽ ചിത്രം വലിയ പ്രതീക്ഷയാണ് ആരധകർക്ക് നൽകുന്നത്. കർണ്ണൻ പുറത്തിറങ്ങി നാല് വർഷം പൂർത്തിയാകുന്ന ദിനത്തിലാണ് ഡി 56 ന്റെ പ്രഖ്യാപനം.
“ഇത്രയും വർഷം കർണനെ ആഘോഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. കൂടാതെ, എൻ്റെ അടുത്ത പ്രോജക്റ്റ് ഒരിക്കൽ കൂടി എൻ്റെ പ്രിയപ്പെട്ടവരോടൊപ്പം ആണെന്ന് പറയുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഒരിക്കൽ കൂടി ധനുഷ് സാറുമായി കൈകോർക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,” എന്നായിരുന്നു മാരി സെൽവരാജിന്റെ പ്രതികരണം.
വേൽസ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ഇഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും. ഇതിനിടയിൽ, ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കുന്ന ബൈസൺ റിലീസിന് ഒരുങ്ങുകയാണ്. കബഡി താരമായ മാനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സ്പോർട്സ് ഡ്രാമയിൽ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പാ. രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസും അപ്ലോസ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീതം നിവാസ് കെ. പ്രസന്ന.