‘പിടികിട്ടാപ്പുള്ളി’ ഫസ്റ്റ്‌ ലുക്ക്,ഫോട്ടോ ചേര്‍ത്തില്ല പ്രതിഷേധവുമായി താരം

നവാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. സിനിമയുടെ വേറിട്ട പേരില്‍ തന്നെ അതിന്റെ കഥയും ഒളിഞ്ഞിരിപ്പുണ്ട്. സിനിമ പ്രഖ്യാപിച്ചതുമുതല്‍ തന്നെ ചര്‍ച്ചയായതും അതൊക്കെകൊണ്ടുതന്നെയാണ്. ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി എന്ന സിനിമ ഒരു ക്രൈം കോമഡി ത്രില്ലറാണെന്ന് സംവിധായകന്‍ ജിഷ്ണു ശ്രീകണ്ഠന്‍ പറഞ്ഞു.

ഒരൊറ്റ രാത്രികൊണ്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. ആള് മാറി കിഡ്‌നാപ്പ് ചെയ്യപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരം. സിനിമ ഒടിടി റിലീസ് ആണ് ലക്ഷ്യമിടുന്നത് എന്നും ജിഷ്ണു ശ്രീകണ്ഠന്‍ പറഞ്ഞു.

സണ്ണി വെയ്ന്‍ ആണ് ചിത്രത്തില്‍ നായകന്‍. അഹാന കൃഷ്ണ ആണ് നായികയായി എത്തുന്നത്. മറീന മൈക്കിള്‍, അനൂപ് രമേശ്, മേജര്‍ രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സുമേഷ് വി റോബിന്‍ ആണ് തിരക്കഥാകൃത്ത്. അജോയ് സാമുവല്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പി എസ് ജയഹരിയാണ് സംഗീതം. വിനായ് ശശികുമാര്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചന. രാകേഷ് കെ രാജന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. എം എസ് നിതിന്‍ ദാസ് അസോസിയേറ്റ് ഡയറക്ടര്‍.

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജിഷ്ണു ശ്രീകണ്ഠന്‍. ക്രൈം കോമഡി ഴോണറില്‍ തന്നെ പെടുന്ന ദര്‍ബേ ഗുജേ എന്ന ഹ്രസ്വ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹ്രസ്വചിത്രങ്ങളില്‍ വേറിട്ട ദൃശ്യഭാഷ സ്വീകരിച്ച ദര്‍ബേ ഗുജേയുടെ സംവിധാനത്തിന് പുറമേ ഛായാഗ്രാഹണവും ചിത്രസംയോജനവും നിര്‍വഹിച്ചതും ജിഷ്ണു ശ്രീകണ്ഠനാണ്. കേരള രാജ്യന്തര ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശവും ദര്‍ബേ ഗുജേയ്ക്ക് ലഭിച്ചിരുന്നു.

എന്നാല്‍ ഇന്നലെ പുറത്തിറങ്ങിയ പോസ്റ്ററിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മറീന.പോസ്റ്ററില്‍ കേന്ദ്ര കഥാപാത്രമായ മറീന മൈക്കിളിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നില്ല. ‘അഭിനയിച്ച സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വയ്ക്കാന്‍ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാന്‍ പറഞ്ഞ്’ എന്ന ക്യാപ്ക്ഷനോട് കൂടിയായണ് താരത്തിന്റെ പോസ്റ്റ്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഫോട്ടോഷോപ്പ് വഴി തന്റെ ചിത്രം ചേര്‍ത്താണ് മറീന ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

മറീന ചിത്രത്തില്‍ സെക്കന്റ് ഹീറോയിനാണ്. എന്നിട്ടും തന്നെ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയതിനാലാണ് താരം രസകരമായരീതിയില്‍ പ്രതിഷേധം അറിയിച്ചത്. മറീനയുടെ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.