വളരെ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങളാണ് ഒരോ താരത്തിനേയും നിലനിര്‍ത്തുന്നത്. വര്‍ഷങ്ങളുടെ ഫലമായുണ്ടാക്കിയ തന്റെ ശരീര വടിവ് ഒന്ന് അയച്ചു വെച്ച് കഥാപാത്രമായപ്പോള്‍ ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ താരത്തിനും പ്രേക്ഷകര്‍ക്കും വ്യത്യസ്തത സമ്മാനിച്ചു. സാധാരണക്കാരന്റെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങളെ പ്രേക്ഷകരെ പെട്ടെന്ന് ചിത്രത്തിലേക്കടുപ്പിക്കും. വളരെ റിയലിസ്റ്റിക്കായി കഥ പറയുന്ന ആദ്യപകുതി അല്‍പ്പം ലാഗായി തോന്നുമെങ്കിലും ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ഒരു സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ എന്തെല്ലാമാണോ പ്രതീക്ഷിക്കുന്നത് അതെല്ലാം തന്നെ നല്‍കാന്‍ മേപ്പടിയാന്‍ എന്ന ചിത്രത്തിന് കഴിഞ്ഞു. ഉണ്ണി മുകുന്ദന്‍ എന്ന ജയകൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രം സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കാത്ത യുവാക്കളുണ്ടാവില്ലെന്നതാണ് പ്രമേയം തെരഞ്ഞെടുത്തതിലെ വ്യത്യസ്തത. ഒരു നവാഗത സംവിധായകന്റെ മികച്ച എന്‍ട്രി കൂടിയാവുകയാണ് മേപ്പടിയാന്‍. തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം നിര്‍വഹിച്ച വിഷ്ണു മോഹന്‍ മലയാളസിനിമയ്ക്കുള്ള ഭാവി മുതല്‍ക്കൂട്ടാണെന്ന് ഉറപ്പിച്ചുപറയാം.
ഈരാറ്റുപേട്ടയില്‍ ഒരു മെക്കാനിക് ഷോപ്പ് നടത്തി അധ്വാനിച്ച് സമാധാനത്തോടെ ജീവിക്കുന്ന ജയകൃഷ്ണനെ നാട്ടിലെ ഒരു സുഹൃത്ത് ഒരു വസ്തുക്കച്ചവടത്തില്‍ ഉള്‍പ്പെടുത്തുന്നതും തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന വഴിത്തിരിവുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മുന്നുംപിന്നും നോക്കാതെ എടുത്തുചാടുന്നത് മൂലം സംഭവിക്കുന്ന പൊല്ലാപ്പുകളും, ദുരിതപെയ്ത്തും, സര്‍ക്കാര്‍ സംവിധാനങ്ങളിലെ കെടുകാര്യസ്ഥതയും അഴിമതിയുമെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടുള്ളവര്‍ക്കെല്ലാം തന്നെ ചിത്രത്തിലെ രംഗങ്ങള്‍ കൂടുതലായി അനുഭവിച്ചറിയാം.
ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം തന്നെ ഡീറ്റെയ്‌ലിംഗും വ്യക്തിത്വവും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു എടുത്തുപറയേണ്ടുന്ന സവിശേഷത. ചെറിയ വേഷത്തിലെത്തിയവര്‍ക്കു പോലും കൃത്യമായി സിനിമയില്‍ ഇടം ഉണ്ടായിരുന്നു. താരത്തെക്കാള്‍ ഉണ്ണിയിലെ നടനെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. സൈജു കുറുപ്പിന്റെ ഓരോ സിനിമയും മുന്നോട്ട് പോകുമ്പോള്‍ അദ്ദേഹം ഓരോ കഥാപാത്രത്തിനും നല്‍കുന്ന സൂക്ഷ്മമായ ഭാവങ്ങള്‍ മറ്റൊരു പ്രത്യേകതയായി തന്നെ അനുഭവപ്പെടുന്നുണ്ട്. ഇന്ദ്രന്‍സ് അദ്ദേഹത്തിന്റെ റോളും മികച്ചതാക്കി മാറ്റി. അതുപോലെ അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, കോട്ടയം രമേശ്, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പോളി വല്‍സന്‍ തുടങ്ങിയ അഭിനേതാക്കള്‍ എല്ലാവരും അവരുടെ റോളുകള്‍ മികച്ചതാക്കിയിട്ടുണ്ട്. ഈരാറ്റുപേട്ടയും പരിസരപ്രദേശങ്ങളുമെല്ലാം ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞ ചിത്രത്തിനായി മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. രാഹുല്‍ സുബ്രഹ്‌മണ്യത്തിന്റെ സംഗീതവും മികച്ച ഗാനങ്ങളും ചിത്രത്തിന്റെ ആസ്വാദനത്തിന് മാറ്റുകൂട്ടുന്നു. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.