“എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്”; മഞ്ജു വാര്യർ

','

' ); } ?>

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടി മഞ്ജുവാര്യർ. കാലാതിവർത്തിയായ കലാകാരനാണ് ശ്രീനിവാസനെന്ന് മഞ്ജു വാര്യർ കുറിച്ചു. കൂടാതെ എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

“കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.” മഞ്ജു വാര്യർ കുറിച്ചു.

നിരവധി താരങ്ങളാണ് ശ്രീനിവാസന് ആദരാജ്ഞലികൾ അർപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സംവിധായകൻ വിനയൻ, നടന്മാരായ, മുകേഷ് പെപ്പെ, ഇന്ദ്രജിത്, പൃഥ്വിരാജ്, മോഹൻലാൽ, രജനികാന്ത്, ദുൽഖർ സൽമാൻ, സംവിധായകൻ സത്യൻ അന്തിക്കാട്‌, കമൽ, മന്ത്രി കെബി ഗണേഷ് കുമാർ തുടങ്ങിയവരും അദ്ദേഹത്തെ അനുസ്മരിച്ചിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസൻ. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം താലൂക്ക് ആശുപത്രിയിലാണുള്ളത്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, ഗായകൻ), ധ്യാൻ ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്). മരുമക്കൾ: ദിവ്യ, അർപ്പിത.

1976 ൽ പി. എ. ബക്കർ സംവിധാനം ചെയ്‌ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലെത്തുന്നത്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഒരു മാടപ്പിറാവിൻ്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതിയതും ശ്രീനിവാസനാണ്. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.