ബെത്‌ലഹേമിലെ “ജസ്റ്റിൻ ചേട്ടൻ” നല്ല സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ”; മഞ്ജുശ്രീ

','

' ); } ?>

ബെത്ലെഹേം കുടുംബ യൂണിറ്റിലെ നിവിൻ പോളിയുടെ ജസ്റ്റിൻ എന്ന കഥാപാത്രം പ്രായക്കൂടുതലുള്ള പങ്കാളികളെക്കുറിച്ച് പെൺകുട്ടികൾക്കിടയിലുണ്ടായിരുന്ന പരമ്പരാഗത സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ സഹായിച്ചിട്ടുണ്ടെന്ന് നടി മഞ്ജുശ്രീ നായർ. 18 വയസ്സുള്ള തന്റെ മകൾ പോലും “ജസ്റ്റിൻ” ചേട്ടനെ പോലൊരു ചേട്ടൻ നല്ലതായിരുന്നൂവെന്ന് പറഞ്ഞത് അത്ഭുതപെടുത്തിയെന്നും, അത്രത്തോളം സ്വാധീനം ജസ്റ്റിൻന്ന കഥാപാത്രം പെൺകുട്ടികൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും മഞ്ജുശ്രീ പറഞ്ഞു. കൂടാതെ നിവിൻ പോളിയുടെ അഭിനയത്തെ കുറിച്ചുള്ള തന്റെ വിലയിരുത്തലും മഞ്ജുശ്രീ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹത്തിന്റെ കണ്ണുകളിൽ വരുമെന്നും, എല്ലാം വളരെ അനായാസമായി കൈകാര്യം ചെയ്യുമെന്നും മഞ്ജു ശ്രീ കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ജസ്റ്റിൻ എന്ന് പറയുന്ന ക്യാരക്ടർ അത്രയും ആളുകളിലേക്ക് എത്തിയിട്ടുണ്ട്. പ്രത്യേകിച്ചും പെൺകുട്ടികളുടെ ഇടയിലൊക്കെ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ ഒരു സിനിമ ഇറങ്ങുന്നതിന് മുൻപ് വരെ ഇപ്പോഴത്തെ പെൺകുട്ടികളുടെ ഒരു കോൺസെപ്റ്റ് എന്ന് പറയുന്നത് സെയിം ഏജ് ആയിരിക്കണം, ഒരുപാട് പ്രായം എന്ന് പറയുന്നത് അയ്യേ എന്ന ചിന്തയായിരുന്നു. ഈ ഒരു സിനിമ കാരണം ആ ചിന്തയ്ക്ക് മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ എന്റെ ചെറിയ മോള് തന്നെ ഡിഗ്രി ഫസ്റ്റ് ഇയർ ആണ് പഠിക്കുന്നത്. അവള് തന്നെ പറഞ്ഞു

“ജസ്റ്റിൻ” ചേട്ടനെ പോലൊരു ചേട്ടൻ നല്ലതായിരുന്നൂവെന്ന്. 18 വയസ്സുള്ള ഒരു കുട്ടി അങ്ങനെ പറയുന്നുണ്ടെങ്കിൽ അതാണ് അതിന്റെ സ്വാധീനം എന്ന് പറയുന്നത്.ജസ്റ്റിൻ എന്ന് പറയുന്നത് നല്ലൊരു ക്യാരക്ടർ ആണെന്ന് ഫിലിമിന്റെ പല ഭാഗങ്ങളിലായി നമ്മൾ റിവീൽ ചെയ്യുന്നുണ്ട്. ആദ്യ സീൻ മുതൽ നമുക്കത് കാണാൻ സാധിക്കും.” മഞ്ജുശ്രീ പറഞ്ഞു.

“നിവിൻ പോളിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹത്തിന്റെ കണ്ണുകളിൽ വരും. ഭയങ്കര ക്യൂട്ട് ആണ്. മക്കൾക്കൊക്കെ ഭയങ്കര ഇഷ്ടമാണ്. അവർ സെറ്റിലെ വിശേഷങ്ങളൊക്കെ വളരെ ക്യൂരിയസ് ആയിട്ട് ചോദിക്കും. ആദ്യമായിട്ട് മക്കളെ കാണിക്കാൻ നിവിന്റെ കൂടെ ഒരു ഫോട്ടോ ചോദിച്ചപ്പോൾ നിവിൻ ഭയങ്കര സീരിയസ് ആയിട്ടാണ് അതിൽ ഉള്ളത്. അപ്പോൾ മക്കൾ എന്നെ കളിയാക്കി. “എല്ലാവരും സീരിയസ് ആയി നിൽക്കുന്നു, അമ്മ മാത്രം 32 പല്ലും കാണിച്ചെന്ന്” പറഞ്ഞിട്ട്. പിന്നെ രണ്ടാമത് തന്നത് ചിരിച്ചിട്ടായിരുന്നു. പറഞ്ഞു വന്നത് നിവിന്റെ അഭിനയമാണ്. സെറ്റിൽ വന്നാൽ പിന്നെ പുള്ളി ക്യാരക്ടർ ആണ്. എല്ലാം വളരെ അനായാസമായാണ് കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പഴയ സിനിമകളൊക്കെ നമ്മൾ ഇന്നും കൊണ്ടുനടക്കുന്നത് എനിക്ക് തോന്നുന്നു നിവിൻ അത് കൈകാര്യം ചെയ്ത രീതി കൊണ്ടാണെന്നാണ്.” മഞ്ജുശ്രീ കൂട്ടിച്ചേർത്തു.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രത്തെയാണ് മഞ്ജുശ്രീ നായർ അവതരിപ്പിച്ചത്. ചിത്രത്തിലെ കർക്കശക്കാരിയായ അമ്മയുടെ വേഷം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.