‘രാഷ്ട്രീയ നിറം വന്നു’,വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍മാറി മഞ്ജു വാര്യര്‍

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനു പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടി മഞ്ജു വാര്യര്‍ അതില്‍ നിന്നു പിന്‍മാറി. മതിലിനു രാഷ്ട്രീയ നിറമുള്ളതിനാല്‍ പിന്മാറുന്നുവെന്നാണ് മഞ്ജു ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്രീയം എനിക്കില്ലെന്നും കലയാണ് തന്റെ രാഷ്ട്രീയമെന്നും അതുകൊണ്ടാണ് പിന്മാറ്റമെന്നും മഞ്ജു പുതിയ കുറിപ്പില്‍ പറയുന്നു.

വുമണ്‍സ് വാള്‍ എന്ന പേജിലായിരുന്നു നേരത്തേ വനിതാ മതിലിനെ പിന്തുണച്ചുള്ള മഞ്ജുവിന്റെ വീഡിയോ വന്നിരുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സ്ത്രീപുരുഷ സമത്വം അനിവാര്യമാണെന്നും കേരളം മുന്നോട്ടുപോകേണ്ടതുണ്ടെന്നും അതിനാല്‍ താന്‍ വനിതാ മതിലിനെ പിന്തുണയ്ക്കുകയാണെന്നും മഞ്ജു വീഡിയോയില്‍ പറഞ്ഞിരുന്നു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചു നില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയ നിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.


വനിതാ മതിലിനു പിന്തുണ അറിയിച്ചുകൊണ്ടുള്ള മഞ്ജു വാര്യരുടെ ആദ്യ വീഡിയോ..

ജനുവരി ഒന്നിന് നാല് മണിക്കാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതകള്‍ കേന്ദ്രീകരിച്ച് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.