“കാര്യങ്ങൾ വളച്ചൊടിക്കരുത്”; നെടുമ്പാശ്ശേരി അപകടത്തിൽ വിശദീകരണവുമായി മഞ്ജു പിള്ളയുടെ മകൾ

','

' ); } ?>

നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട് നടി മഞ്ജു പിള്ളയുടെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് വിശദീകരണവുമായി മകള്‍ ദയ സുജിത്ത് രംഗത്ത്. വാഹനാപകടവുമായി ബന്ധപ്പെട്ട് മഞ്ജു പിള്ള നടത്തിയ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിച്ചതോടെയാണ് ദയ വീഡിയോയുമായി എത്തിയത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വ്യക്തതയ്ക്കായിട്ടാണ് താന്‍ ഈ വീഡിയോ പങ്കുവെക്കുന്നതെന്നും കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്നും ദയ അഭ്യര്‍ത്ഥിച്ചു.

തന്റെ വ്‌ലോഗില്‍ സംസാരിക്കവെയാണ് മഞ്ജു പിള്ള വിവാദ പരാമര്‍ശം നടത്തിയത്. കുട്ടികളുടെ രാത്രികാല യാത്രയെയും മതാടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെയും അവര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. രാത്രിയില്‍ അന്യമതസ്ഥനായ ഒരാളുടെ കൂടെ പെണ്‍കുട്ടികള്‍ എന്തിന് പോയി എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് തീര്‍ത്തും തെറ്റാണെന്നും, നിയമപരമായി ഹെല്‍മറ്റില്ലാതെ മൂന്ന് പേര്‍ ഒരു ബൈക്കില്‍ യാത്ര ചെയ്തത് മാത്രമാണ് കുറ്റമെന്നും മഞ്ജു പിള്ള വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.

തന്റെ കുടുംബത്തിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ദയ രംഗത്തെത്തിയിട്ടുണ്ട്. അമ്മ പറഞ്ഞതിന്റെ യഥാര്‍ത്ഥ വസ്തുത വ്യക്തമാക്കുന്ന തെളിവുകള്‍ സഹിതമാണ് ദയ വീഡിയോ പങ്കുവെച്ചത്. ‘ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ’ എന്ന കുറിപ്പോടെ മഞ്ജു പിള്ളയും ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ദയയുടെ വാക്കുകൾ

”ഇതാണ് ഞാന്‍ പറഞ്ഞത്. ആ മൂന്ന് കുഞ്ഞുങ്ങളുടെ ഫാമിലിയുടെ ക്ലാരിഫിക്കേഷന് വേണ്ടി പോസ്റ്റ് ചെയ്യുന്നു. ദയവ് ചെയ്ത് കാര്യങ്ങള്‍ വളച്ചൊടിക്കരുത്. നന്ദി” എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയില്‍ മഞ്ജു പിള്ള പറയുന്നത് ഇങ്ങനെയാണ്.

ഇപ്പോള്‍ ആ മൂന്ന് കുട്ടികള്‍ പോയില്ലേ? അങ്ങനെ പോകും എന്നു കരുതിയാണോ അവര്‍ ട്രാവല്‍ ചെയ്തത്? അപ്പോള്‍ പിന്നെ എന്താ, ആ മൂന്ന് പിള്ളേരും എന്തിനാ പുറത്തിറങ്ങിയത് എന്നായി. അതൊക്കെ വിവരമില്ലായ്മയാണെന്ന് ഞാന്‍ പറയും. പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളാണ്. അവര്‍ക്കൊപ്പം പഠിക്കുന്നവരാണ്. അവര്‍ പന്ത്രണ്ട് മണിയ്‌ക്കോ ഒരു മണിയ്‌ക്കോ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് കരുതി പോയതാകും. അവര്‍ പോയതിനെ ഞാന്‍ ന്യായീകരിക്കുകയല്ല. മൂന്ന് പേര്‍ ഒരുമിച്ച് പോയതും, ഹെല്‍മറ്റ് ധരിക്കാതെ പോയതും തെറ്റാണ്. അതിനെ ന്യായീകരിക്കുന്നില്ല. പക്ഷെ അതിന് എന്തിനാണ് അങ്ങനൊരു ചോദ്യം?

രണ്ട് ഹിന്ദുക്കുട്ടികള്‍ അന്യമതസ്ഥനായ ഒരാളുടെ കൂടെ എന്തിന് പോയി എന്നല്ല ചോദിക്കേണ്ടത്. അവിടെ ചോദിക്കേണ്ടത് അവര്‍ മൂന്നു പേരും ഒരുമിച്ച് എന്തിന് യാത്ര ചെയ്തുവെന്നാണ്. രാത്രി എന്തിന് യാത്ര ചെയ്തു എന്നുമല്ല. മൂന്നു പേരും ഒരുമിച്ച്, ഹെല്‍മറ്റ് ഇല്ലാതെ എന്തിന് യാത്ര ചെയ്തുവെന്നാണ്. അത് വളരെ പ്രസക്തമായ ചോദ്യമാണ്.

അല്ലാതെ രണ്ട് പെണ്‍കുട്ടികള്‍, അസമയത്ത്, ഒരു പുരുഷന്റെ കൂടെ, അതും അന്യ മതസ്ഥന്റെ കൂടെ എന്തിന് എന്ന് ചോദിക്കുന്നത് തെറ്റാണ്. അതല്ല ചോദിക്കേണ്ടത്. വളരെ തെറ്റാണ്. ഒരു നിയമത്തിലും അത് പറയുന്നില്ല. നിയമത്തില്‍ പറയുന്നത് രാത്രി ഹെല്‍മറ്റില്ലാതെ മൂന്ന് പേര്‍ ഒരു ബൈക്കില്‍ യാത്ര ചെയ്തത് തെറ്റാണെന്ന് മാത്രമാണ്”

എന്നെക്കുറിച്ച് എന്തുവേണമെങ്കിലും പറഞ്ഞോളൂ. ഞാന്‍ കാര്യമാക്കില്ല. പക്ഷെ എന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞാല്‍ പൊന്നുമോനേ, തീര്‍ന്നു. അമ്മ പറഞ്ഞതിനെക്കുറിച്ചുള്ള എല്ലാ തെളിവും ഞാന്‍ നല്‍കാം” എന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിട്ടുണ്ട്. വിഡിയോ മഞ്ജു പിള്ളയും പങ്കുവച്ചിട്ടുണ്ട്. ‘ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ’ എന്നു പറഞ്ഞാണ് മഞ്ജു പിള്ള വിഡിയോ പങ്കിട്ടത്.