അഭിനയത്തിൽ മണിയൻപിള്ള രാജു മോഹൻലാലിന്റെ ഗുരു: തരുൺമൂർത്തി

','

' ); } ?>

എമ്പുരാന് ശേഷം മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുടരും’. ചിത്രത്തിനെ കുറിച്ചുള്ള ചെറിയ കാര്യങ്ങൾ പോലും വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് മണിയൻപിള്ള രാജു വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ തരുൺമൂർത്തി. റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. കുട്ടിച്ചന്‍ എന്ന കഥാപാത്രത്തെയാണ് മണിയൻ പിള്ള രാജു സിനിമയിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന് അഭിനയം ആദ്യമായി പറഞ്ഞുകൊടുത്ത ആളാണ് മണിയൻപിള്ള രാജുവെന്ന് തരുൺ പറഞ്ഞു. .

‘തുടരും എന്ന സിനിമയില്‍ മണിയന്‍പിള്ള രാജുവേട്ടനുമുണ്ട്. രാജു ചേട്ടന്‍ എത്രയോ സിനിമകളില്‍ ലാലേട്ടന്റെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അഭിനയം ആദ്യമായി പറഞ്ഞു കൊടുത്ത ആളാണ് രാജു ചേട്ടന്‍. അത്രയും അടുത്തറിയാവുന്ന ആളാണ്. കഴിഞ്ഞ ദിവസം സിനിമയിലെ അവരൊന്നിച്ചുള്ള പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. അന്ന് ഞാന്‍ പറഞ്ഞത് ‘ആശാനും ശിഷ്യനുമാണ്’ എന്നായിരുന്നു. എന്നോട് രഞ്ജിത്തേട്ടനാണ് കുട്ടിച്ചന്‍ എന്ന കഥാപാത്രത്തിലേക്ക് മണിയന്‍പിള്ള രാജുവേട്ടന്‍ നന്നായിരിക്കുമെന്ന് പറയുന്നത്. ആദ്യം എനിക്ക് അതിലേക്ക് കണക്ട് ചെയ്യാന്‍ പറ്റിയിരുന്നില്ലെ’ന്നും തരുൺ മൂർത്തി പറഞ്ഞു.രാജു ചേട്ടന്‍ എങ്ങനെയാണ് അങ്ങനെയൊരു കഥാപാത്രമാകുന്നതെന്ന് ഞാന്‍ ചിന്തിച്ചു. സത്യത്തില്‍ അത് വിജയരാഘവന്‍ സാറൊക്കെ മുമ്പ് ചെയ്തിട്ടുള്ളത് പോലെയുള്ള കഥാപാത്രമായിരുന്നു. പിന്നെ ഞാന്‍ ഗൂഗിളില്‍ മണിയന്‍പിള്ള രാജുവേട്ടന്റെ പല ലുക്കുകളും തപ്പി. ഛോട്ടാ മുംബൈ സിനിമയില്‍ താടിവെച്ചിട്ടുള്ള ലുക്ക് കണ്ടു. അത് വളരെ ഫ്രഷായിരുന്നു.അപ്പോള്‍ ഞാന്‍ രഞ്ജിത്തേട്ടനെ വിളിച്ചിട്ട് ‘ചേട്ടാ എനിക്ക് താടി വെച്ചിട്ടുള്ള മണിയന്‍പിള്ള രാജുവേട്ടനെ കിട്ടുമോ’യെന്ന് ചോദിച്ചു. 15 ദിവസമേ ഷൂട്ട് തുടങ്ങാന്‍ സമയം ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അദ്ദേഹത്തിന്റെ സീനുകള്‍ ഒരു പത്ത് ദിവസം കൂടെ നീട്ടിവെക്കാമെന്ന് പറഞ്ഞു. അപ്പോള്‍ മൊത്തം 25 ദിവസം ആകുമല്ലോ. ഉടനെ തന്നെ അദ്ദേഹത്തിന്റെ കോള്‍ വന്നു. ‘ഞാന്‍ എന്തും ചെയ്യും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

ഇരുപത് വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് തുടരും. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് നാളെ രാവിലെ 10 മണി മുതൽ ആരംഭിക്കും. ചിത്രം ഏപ്രിൽ 25 ന് തീയേറ്ററുകളിൽ എത്തും. മോഹന്‍ലാലിന്‍റെ അവസാന റിലീസ് ആയിരുന്ന എമ്പുരാന് അഡ്വാന്‍സ് ബുക്കിം​ഗില്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്. ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമെന്ന് അറിയിക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിം​ഗ്. എന്നാല്‍ റിലീസിന് ഒരാഴ്ച മുന്‍പേ എമ്പുരാന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ ബുക്കിം​ഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലടക്കം റെക്കോര്‍ഡ് പ്രതികരണമാണ് എമ്പുരാന്‍ നേടിയത്. അത് കൊണ്ട് തന്നെ തുടരുമിന്റെ അഡ്വാന്‍സ് ബുക്കിം​ഗ് കണക്കുകള്‍ എമ്പുരാന്‍റേതുമായി താരതമ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് 16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 46 മിനിറ്റും. ഏറെ ശ്രദ്ധയോടെയാണ് ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. മോഹന്‍ലാല്‍ എന്ന താരത്തേക്കാള്‍ അ​ദ്ദേഹത്തിലെ നടനില്‍ ശ്രദ്ധ കൊടുക്കുന്ന ചിത്രമാണ് തുടരും. “ദൃശ്യം”പോലൊരു സിനിമയായിരിക്കും തുടരുമെന്ന് ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞെങ്കിലും സംവിധായകൻ തരുൺമൂർത്തി അത് തിരുത്തി കൊണ്ട് രംഗത്തു വന്നിരുന്നു. തുടരും എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കുമെന്നാണ് തരുൺമൂർത്തി പറഞ്ഞത്.