മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവം; എഫ്ഐആറില്‍ നടന്‍റെ പേരില്ല

','

' ); } ?>

നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച് യുവാക്കൾക്ക് അപകടം പറ്റിയ സംഭവത്തില്‍ എഫ്ഐആറില്‍ നടന്റെ പേര് രേഖപെടുത്താതെ പോലീസ്. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നുമാണ് എഫ്ഐആറില്‍ ഉള്ളത്. അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. സംഭവത്തിൽ മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ താൻ തന്നെയാണ് വാഹനമോടിച്ചതെന്ന് സ്ഥിരീകരിച്ച് മണിയൻപിള്ള രാജു എത്തിയിരുന്നു. ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും മണിയൻപിള്ള രാജു പറഞ്ഞു. തന്റെ കാറിന്റെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ പേടി കാരണമാണ് വാഹനം നിർത്താത്തതെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു. നടന്റെ മെഡിക്കൽ പരിശോധന ഉടൻ നടത്തും. 12 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയാൽ ലഹരി ഉപയോഗം കണ്ടെത്താം. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.

നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. നിവേദിതിൻ്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. സുധീർകുമാർ രാജു എന്നാണ് കാറിൻ്റെ ആർസി ഉടമസ്‌ഥൻ്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നൽകിയ വിവരം. ഒരു നടൻ്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ടായിരുന്നു.