
നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ അപകടമുണ്ടാക്കിയ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ വിശദീകരണവുമായി മണിയൻ പിള്ള രാജു. “തന്റെ പിഴവ് കൊണ്ടുണ്ടായ അപകടമല്ലെന്ന് തെളിഞ്ഞതിൽ സമാധാനമുണ്ടെന്നും, ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും മണിയൻ പിള്ള രാജു പറഞ്ഞു. കൂടാതെ പരുക്കേറ്റ കുട്ടികളെ നേരിൽ പോയി കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സത്യം തെളിയുമെന്ന് ഉറപ്പായിരുന്നു. ഇന്ന് നാട്ടിൽ അതിനുള്ള സാങ്കേതിക വിദ്യകളുണ്ട്. സുബ്രഹ്‌മണ്യഹാളിൻ്റെ അവിടുന്ന് ഇറങ്ങുമ്പോൾ വണ്ടികൾ നന്നായി പോയിട്ടുണ്ട്. അങ്ങനെ സമയമെടുത്ത് ക്രോസ് ചെയ്യുന്നതിനിടയിലാണ് വണ്ടി വന്നു പാഞ്ഞു കയറുന്നത്. ഞാൻ തെറ്റുകാരനല്ലെന്ന് സിസിടിവി കണ്ടപ്പോൾ എല്ലാവർക്കും മനസ്സിലായി. എന്റെ ഭയം കൊണ്ടാണ് അപകട സമയത്ത് നിർത്താതെ പോയത്. ഒന്നാമത് ചിക്കൻ ഗുനിയ പിടിച്ച് വയ്യാതെ ഇരിക്കുന്നു, വീട്ടിൽ ഭാര്യയും ഒറ്റയ്ക്ക് അവിടെ ഇറങ്ങിക്കഴിഞ്ഞാൽ എന്നെ തല്ലുമോ അടിക്കുമോ വണ്ടി അടിച്ചു പൊട്ടിക്കുമോ എന്നും ഭയന്നു, വണ്ടിയിൽ ഞാൻ ഒറ്റയ്ക്കായിരുന്നു. പൊലീസിനെ വിളിക്കുന്നതിനു മുമ്പ് തന്നെ ട്രിവാൻഡ്രം ക്ലബ്ബിലുള്ള സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് വിളിക്കാൻ പറഞ്ഞു. എന്നെക്കൊണ്ട് അവരെ തൂക്കിയെടുക്കാൻ വയ്യായിരുന്നു, ഞാൻ നോക്കിയപ്പോൾ അപകടശേഷം അവർ എണീറ്റ് നിൽക്കുന്നുണ്ടായിരുന്നു.” മണിയൻ പിള്ള രാജു പറഞ്ഞു.
“ഇങ്ങനെയുള്ളൊരു കാര്യത്തിന് കേസ് ആവശ്യമാണ്. ആ കുട്ടികൾക്കും ഇൻഷുറൻസ് ഉണ്ടാകാം, എനിക്ക് ഇൻഷുറൻസ് ഉണ്ട്. കേസില്ലാതെ പുറത്ത് സെറ്റിൽ ചെയ്യേണ്ട കാര്യമില്ലല്ലോ. അവർക്കും എനിക്കും പൈസകൾ കിട്ടേണ്ടതല്ലേ, എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞു. ജീവിതത്തിൽ ഇന്നുവരെ സൈക്കിൾ പോലും മുട്ടിയിട്ടില്ല, വീട്ടുകാർ തന്നെ ചോദിക്കാറുണ്ട് ഇഴഞ്ഞിഴഞ്ഞാണോ പോകുന്നതെന്ന്. അത്രയ്ക്ക് പതുക്കെ പോകുന്ന ആളാണ്. വണ്ടിക്ക് ചെറിയ തട്ടലോ പോറലോ വന്നാൽ പോലും സങ്കടം വരുന്ന ആളാണ്. പരുക്കേറ്റ കുട്ടികളെ തീർച്ചയായും കാണും, അത് മനുഷ്യത്വമല്ലേ. ഇൻഷുറൻസ് ഉണ്ടല്ലോ അവർക്ക്. ആർക്കും വലിയ അപകടമൊന്നും പറ്റിയില്ലല്ലോ അതു തന്നെ സമാധാനം.”മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. സുധീർകുമാർ രാജു എന്നാണ് കാറിൻ്റെ ആർസി ഉടമസ്‌ഥൻ്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നൽകിയ വിവരം. ഒരു നടൻ്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ടായിരുന്നു. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. നിവേദിതിൻ്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും ഇപ്പോൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.