ആസിഫ് അലി നായകനായി എത്തിയ മന്ദാരം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. കണ്ട് പഴകിയ പ്രേമകഥകളുടെ ചുവട് പിടിച്ചാരംഭിക്കുന്ന മന്ദാരം പതിയെ പൂവിട്ട് തളിര്‍ക്കുമെന്ന ചെറിയ പ്രതീക്ഷ മാത്രമാണ് ആദ്യ പകുതി നല്‍കുന്നത്. ബാംഗ്ലൂരില്‍ പഠിക്കാന്‍ എത്തുന്ന മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയായ രാജേഷിന് മറ്റൊരു കോളേജില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് പഠിക്കുന്ന ചാരുവിനോട് തോന്നുന്ന പ്രണയത്തെ ചുവട് പിടിച്ചാണ് സിനിമ വളരുന്നത്. മുന്‍പ് പല സിനിമകളിലായി കണ്ട ക്യാമ്പസ് ചേരുവകളാല്‍ കഥയെ തിരക്കഥാകൃത്ത് കെട്ടിയിടുമ്പോള്‍ ആസിഫലിക്കൊപ്പം എത്തിയ ഗ്രിഗറിയും സംഘവും മോശമല്ലാത്ത പ്രകടനം കാഴ്ച്ച വെയ്ക്കുന്നത് മാത്രമാണ് ആശ്വാസമാകുന്നത്. ദൈര്‍ഘ്യമേറിയ ആസിഫലിയുടെ സംഭാഷണത്തോടെ തുടങ്ങിയ സിനിമ അതേ താളത്തില്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ പലപ്പോഴും മടുപ്പുളവാക്കുന്നുണ്ട്. ആസിഫില്‍ നമ്മള്‍ നേരത്തെ പല ചിത്രങ്ങളിലായി കണ്ട പക്വതയില്ലാത്ത ചെറുപ്പക്കാരന്റെ ഭാവ വിശേഷണങ്ങളോടെ തന്നെയാണ് ചിത്രത്തിലെ ആദ്യ പകുതി. അതേ സമയം ആസിഫലിയുടെ നായികയായെത്തിയ വര്‍ഷ ബൊല്ലമ്മയുടെ പ്രകടനം മികച്ച് നില്‍ക്കുന്നുണ്ട്.
പുതുതായൊന്നും പറയാനില്ലാത്ത കഥയെ ഏതെല്ലമോ വഴിയിലൂടെ കൊണ്ടുപോയി വീണ്ടും അതേ ബസ് സ്‌റ്റോപ്പില്‍ തന്നെ നിര്‍ത്തിയിടുന്ന അവസ്ഥയാണ് മന്ദാരത്തിന്റെ രണ്ടാം പകുതി പൂര്‍ത്തിയാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുക. പ്രണയാഭ്യര്‍ത്ഥന നിരസിക്കല്‍, പതിയെ പ്രണയം തോന്നല്‍, വീട്ടുകാരുടെ എതിര്‍പ്പ്, പ്രണയ പരാജയം, നാട് വിടല്‍, പുതിയ
രൂപത്തിലും ഭാവത്തിലും തിരിച്ചെത്തല്‍ ഇത്രയുമാണ് കഥ. ആസിഫ് അലിയുടെ കട്ടത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമുള്ള ലുക്ക് ഏതെങ്കിലും സിനിമയെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ അത് യാദൃശ്ചികമാകാം. പ്രണയ പരാജയം മൂലമുള്ള സംഗീതം തേടിയുള്ള യാത്രയും അനുഭവങ്ങളുമൊക്കെ നായകനെ വല്ലാതെ പരുവപ്പെടുത്തിയിട്ടുണ്ടെന്ന് തോന്നാം. എന്നാല്‍ അത് പ്രേക്ഷകന് അതേപോലെ അനുഭവപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അപ്രതീക്ഷിതമായെത്തിയ പെണ്‍കുട്ടിയുമായുള്ള പ്രണയത്തോടെ സിനിമ തീരുമെന്ന് പ്രേക്ഷകന് ബോധ്യപ്പെട്ടിട്ടും സംവിധായകനും തിരക്കഥാകൃത്തിനും മനസ്സിലാകാതെ ക്ലൈമാക്‌സ് നീണ്ടുപോകുന്നത് അല്‍പ്പം അരോചകമാകുന്നുണ്ട്. ബാഹുല്‍ രമേശിന്റെ ക്യാമറ ചിത്രത്തിന് പുതിയൊരു ദൃശ്യാനുഭവം നല്‍കുന്നുണ്ട്. കെട്ടുറപ്പില്ലാത്ത തിരക്കഥ, പുതുമകളില്ലാത്ത അവതരണം ഇതാണ് മന്ദാരത്തിന്റെ ആകെ തുക.
പാതി വിടര്‍ന്ന മന്ദാരം….മൂവി റിവ്യൂ
','' );
}
?>