സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അതിഥിയായി എത്തിയ ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടിയുടെ പുതിയ പ്രമോ വിഡിയോ പുറത്തിറങ്ങി. രജനിയുടെ അതിസാഹസിക രംഗങ്ങളും ട്രക്കിംഗുമെല്ലാമാണ് പ്രമോയുടെ ഹൈലൈറ്റ്. പരിപാടി മാര്‍ച്ച് 23ന് സംപ്രേക്ഷണം ചെയ്യും. എഴുപതുകാരനാണെന്നു പറയുന്ന രജനിയോട് താങ്കള്‍ മറ്റുളളവര്‍ക്ക് പ്രചോദനമാണെന്നായിരുന്നു അവതാരകന്‍ ബെയറിന്റെ കമന്റ്.
അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സുമൊത്തുള്ള പരിപാടിയുടെ ചിത്രീകരണം തുടങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയടക്കമുള്ള ലോക നേതാക്കളും ഒട്ടേറെ ഹോളിവുഡ് താരങ്ങളും ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ സീരീസില്‍ ബെയറിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അതിസാഹസികമായ രംഗങ്ങള്‍ പരിപാടിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കടുവയും ആനയും തുടങ്ങി വന്യമൃഗങ്ങള്‍ അടങ്ങിയ ബന്ദിപ്പൂര്‍ കാട്ടിലാണ് ഇരുവരും ചേര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ചിത്രീകരിച്ച എപ്പിസോഡിന്റെ ലൊക്കേഷന്‍ ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് പാര്‍ക്കായിരുന്നു. കര്‍ണാടക-മൈസൂര്‍ വനത്തിലായിരുന്നു രജനീകാന്തുമൊത്തുളള ഗ്രില്‍സിന്റെ ചിത്രീകരണം. വനസ്രോതസ്സുകളെയോ വന്യജീവികളെയോ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഷൂട്ടിങ് ടീമിന്റെ ഭാഗത്തു നിന്നുണ്ടാകരുതെന്നും വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു.