“ലോക”യുടെ നിർമ്മാണത്തെക്കുറിച്ച് വാപ്പച്ചിക്ക് ആശങ്ക ഉണ്ടായിരുന്നു”; ദുൽഖർ സൽമാൻ

','

' ); } ?>

“ലോക”യുടെ നിർമ്മാണത്തെക്കുറിച്ച് മമ്മൂട്ടിക്കും, പ്രിയദർശനും തുടക്കത്തിൽ ആശങ്ക ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ.
ചിത്രത്തിന്റെ ഉയർന്ന ബഡ്ജറ്റിനെ കുറിച്ചായിരുന്നു മമ്മൂട്ടിക്ക് ടെൻഷനെന്നും, നീ എന്തിനാണ് ഇങ്ങനെയൊരു റിസ്‌ക് എടുക്കുന്നതെന്നായിരുന്നു പ്രിയദർശൻ ചോദിച്ചതെന്നും ദുൽഖർ പറഞ്ഞു. കൂടാതെ ഇപ്പോൾ സിനിമയുടെ വിജയത്തിൽ അവർ രണ്ടുപേരും സന്തോഷിക്കുന്നുണ്ടെന്നും, തങ്ങളെക്കുറിച്ച് അവർക്കിപ്പോൾ അഭിമാനമുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു. ദ് ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലോകയെ”കുറിച്ചും, ഞങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്. ഇങ്ങനെ ഒന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. സത്യം പറഞ്ഞാൽ കല്യാണിയുടെ അച്ഛനും ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. വാപ്പച്ചിക്ക് സിനിമയുടെ നിർമാണച്ചെലവ് ഓർത്ത് ടെൻഷനുണ്ടായിരുന്നു. കല്യാണിയുടെ അച്ഛൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘നീ എന്താണ് കരുതുന്നത്, എന്തിനാണ് ഇത്രയും വലിയ റിസ്ക് നീ എടുത്തത്?. എന്നൊക്കെ. അവർക്ക് വലിയ ആശങ്കയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവർ ഞങ്ങളെ ഓർത്ത് അഭിമാനിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സിനിമകൾ ചെയ്യാൻ സ്വാതന്ത്ര്യം ലഭിച്ചെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ അവർക്ക് ഞങ്ങളെ മനസ്സിലായി”. ദുൽഖർ സൽമാൻ പറഞ്ഞു.

“മൂത്തോൻ എന്ന കഥാപാത്രം ഞങ്ങളെല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അതേക്കുറിച്ച് വാപ്പച്ചിയെ കൂടുതൽ ബോധ്യപ്പെടുത്തേണ്ടതുണ്ട്. “നിങ്ങൾ തെളിയിച്ച് കാണിക്കൂ” എന്ന നിലപാടാണ് അദ്ദേഹത്തിന് എപ്പോഴും. “ലോകയുടെ ഒന്നാമത്തെ ചാപ്റ്റർ കൊള്ളാം, പക്ഷേ ഇത് ഇതിലും വലുതും മികച്ചതുമാകണം, എങ്കിൽ മാത്രമേ ഞാൻ സമ്മതിക്കൂ” എന്നൊക്കെയാണ് അദ്ദേഹത്തിൻ്റെ ചിന്ത. എന്തെങ്കിലും കാര്യം പറഞ്ഞ് സമ്മതിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വ്യക്തി അദ്ദേഹമാണ്. നമ്മുടെ കഴിവ് തെളിയിച്ച് അദ്ദേഹത്തിന്റെ സമ്മതം നേടിയെടുക്കണം എന്ന് തന്നെയാണ് എന്റെയും നിലപാട്. അല്ലാതെ അദ്ദേഹത്തെ എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്നതുകൊണ്ട് മാത്രം അത് സംഭവിക്കരുത്”.ദുൽഖർ കൂട്ടിച്ചേർത്തു.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിച്ച ലോക ചാപ്റ്റർ 1 ചന്ദ്ര ഇന്ത്യയിൽ ആകമാനം മികച്ച പ്രതികരണങ്ങൾ നേടുകയാണ്. അഞ്ച് ഭാഗങ്ങളായി ആസൂത്രണം ചെയ്ത ഈ യൂണിവേഴ്സ‌ിലെ ആദ്യ ഭാഗത്തിൽ നസ്‌ലൻ, സാൻഡി, അരുൺ കുര്യൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സൗബിൻ, അഹാന കൃഷ്‌ണ, ശാന്തി ബാലചന്ദ്രൻ, അന്ന ബെൻ എന്നിവർ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിൽ പരാമർശിക്കുന്ന ‘മൂത്തോൻ’ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടുണ്ട്.