സ്മാര്‍ട്ട് ഫോണ്‍ അര്‍ഹതപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് എത്തിക്കാം

സംസ്ഥാനത്ത് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി നടന്‍ മമ്മൂട്ടി. സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്ന ഒറ്റക്കാരണത്താല്‍ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാര്‍ഥികള്‍ക്ക് കരുതലും കരുത്തുമായാണ് താരത്തിന്റെ ഇടപെടല്‍. ‘സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍,ടാബ്‌ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു’. മമ്മൂട്ടി കുറിച്ചു.

വീടുകളില്‍ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകള്‍ ഇത്തരം കുട്ടികള്‍ക്ക് കൈമാറാണമെന്ന അഭ്യര്‍ത്ഥനയുമായാണ് ‘വിദ്യാമൃതം’ എന്ന പേരിലുള്ള പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചത്?. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. പദ്ധതിക്ക് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനലിന്റെ പിന്തുണയുമുണ്ട്. കൊറിയര്‍ ഓഫീസില്‍ ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്കും ആരോഗ്യ പ്രശ്‌നം ഉള്ള ദാതാക്കളേയും ഫാന്‍സ് അംഗങ്ങള്‍ സഹായിക്കും. അവര്‍ പ്രസ്തുത വീടുകളില്‍ എത്തി ഉപകരണങ്ങള്‍ ശേഖരിച്ചു തുടര്‍ നടപടികള്‍ക്ക് സഹായിക്കും. ലഭിക്കുന്ന മൊബൈലുകള്‍ക്ക്? കൃത്യമായി രസീത് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു സഹായകമായ ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള ‘സ്പീഡ് ആന്‍ഡ് സേഫ്’ കൊറിയര്‍ ഓഫീസില്‍ എത്തിച്ചാല്‍ മാത്രം മതി. കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൂടി കൊടുത്തുകഴിഞ്ഞാല്‍ ദാതാവിന് സൗജന്യമായി മൊബൈല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അയക്കാം. അവിടെ ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കും.