“മമ്മൂക്ക 30കളിൽ എന്ന പോലെ ഇന്നും മാറ്റമില്ലാതെ തുടരുന്നു.”; ലിസി

','

' ); } ?>

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊരുമിക്കുന്ന ചിത്രം ‘പേട്രിയറ്റിന്റെ‘ ഡബ്ബിങ് പൂർത്തിയാക്കി മമ്മൂട്ടി. മമ്മൂട്ടിക്കും പ്രിയദർശനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ലിസിയാണ് ഈ കാര്യം പങ്കുവച്ചത്. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ലിസിയുടെ പ്രതികരണം.

“ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ മലയാള ചിത്രം ‘പേട്രിയറ്റി’ ന്റെ വോയ്‌സ് റെക്കോർഡിങ്ങിനായി ഇതിഹാസ താരം പത്മഭൂഷൺ ശ്രീ മമ്മൂട്ടി ലേ മാജിക് ലാന്റേണിൽ എത്തിയത് വലിയൊരു സന്തോഷവും അംഗീകാരവുമാണ്. മമ്മൂക്ക പതിവുപോലെ അതിമനോഹരമായി കാണപ്പെട്ടു.

അദ്ദേഹത്തിന്റെ വശ്യമായ പ്രഭയും ഊർജസ്വലതയും 30കളിൽ എന്നപോലെ ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഈ സിനിമ വെള്ളിത്തിരയിൽ എത്തിക്കാൻ പരിശ്രമിക്കുന്ന മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു!.” ലിസി കുറിച്ചു.

മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് ‘പേട്രിയറ്റ്’. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഏപ്രിൽ 23ന് തിയേറ്ററുകളിലെത്തും. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ വില്ലനായാണ് എത്തുന്നതെന്ന് അടുത്തിടെ ഫഹദ് പറഞ്ഞിരുന്നു.

2024 നവംബറിൽ ശ്രീലങ്കയിലാണ് ‘പേട്രിയറ്റ്’ ഷൂട്ടിങ് തുടങ്ങിയത്. മലയാളത്തില്‍ ഏറ്റവുമധികം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയാണിത്. ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബെയ്ജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്. മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

സുഷിന്‍ ശ്യാമാണ് സിനിമയുടെ സംഗീത സംവിധാനം. ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’, ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ മനുഷ് നന്ദനാണ് ക്യാമറ. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. മഹേഷ് നാരായണനും രാഹുല്‍ രാധാകൃഷ്ണനും ചേര്‍ന്നാണ് എഡിറ്റിങ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – വിഷ്ണു സുഗതന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.