
വിനായകൻ അച്ചടക്കമുള്ള നടനാണെന്ന് തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. കഠിനപ്രയത്നവും ആത്മാർഥതയുംകൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാൻ പറ്റുകയുള്ളൂവെന്നും, നടനെന്ന നിലയിൽ വിനായകൻ്റെ വളർച്ച അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ‘കളങ്കാവൽ’ റിലീസിന് മുന്നോടിയായി മമ്മൂട്ടി കമ്പനിക്ക് നൽകിയ അഭിമുഖത്തിൽ നടി ശാന്തി മായാദേവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘വിനായകനും ചേഞ്ചായിരിക്കും, നമുക്കും ഒരു ചേഞ്ച് ആയിരിക്കും. വിനായകൻ മുമ്പ് പോലീസായിട്ടൊക്കെ അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഇങ്ങനത്തെ വേഷങ്ങൾ ചെയ്‌തിട്ടില്ലെന്ന് തോന്നുന്നു. മറ്റ് കാര്യങ്ങൾ ഞാൻ പറഞ്ഞാൽ സ്പോയിലർ ആയിപ്പോവും. വിനായകന്റെ വളർച്ച അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. കഠിനപ്രയത്നവും ആത്മാർഥതയുംകൊണ്ട് മാത്രമേ ഒരു നടന് വിജയിച്ച നടനാകാൻ പറ്റുകയുള്ളൂ. നമുക്കുവേണ്ടി ആരും അഭിനയിക്കാൻ വരില്ല, നമ്മൾ തന്നെ അഭിനയിക്കണം. ഓണസ്റ്റായിരിക്കണം, ഡെഡിക്കേറ്റഡായിരിക്കണം, സിപിംൾ ആയിരിക്കണം- ഞാൻ ഒരാളുടെ ക്വാളിറ്റി പറയുമ്പോൾ ഇതൊന്നും പലപ്പോഴും എനിക്ക് ഇല്ലാത്തത് കൂടെയാണെന്ന് ആലോചിക്കണം. ഇതൊക്കെ വിനായകനുണ്ടെന്നാണ് എന്റെ അഭിപ്രായം.’ മമ്മൂട്ടി പറഞ്ഞു.
‘അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാര്യങ്ങളുണ്ട്, അത് വേറെക്കാര്യം. വളരേ അച്ചടക്കമുള്ള നടനാണ്. അത്രത്തോളം നല്ല കഥാപാത്രങ്ങൾക്ക് അയാൾക്ക് വരുന്നുണ്ട്. അത് നന്നായി അവതരിപ്പിക്കുന്നുണ്ട്. ഏത് നടനായാലും അയാൾക്ക് ദീർഘകാലം നിലനിൽക്കാൻ കഴിയണമെങ്കിൽ, നല്ല പ്രകടനം കാഴ്‌ചവെക്കണം. വിശ്വസിപ്പിക്കാൻ കഴിയണം. അതാണ് വിനായകന്റെ വിജയവും ഇപ്പോൾ എത്തിനിൽക്കുന്നതിൻ്റെ രഹസ്യവും.’മമ്മൂട്ടി കൂട്ടിച്ചേർത്തു.