
റസ് ലിംഗ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചത്ത പച്ച” യിൽ ഒരു സുപ്രധാന കഥാപത്രമായി മമ്മൂട്ടിയെത്തുമെന്ന് റിപ്പോർട്ടുകൾ. റസ്ലിംഗ് കോച്ച് ആയിട്ടാണ് മമ്മൂട്ടി എത്തുക എന്നാണ് സൂചന. ചിത്രത്തിൻ്റെ കഥാഗതിയിൽ അതിനിർണ്ണായകമായ ഒരു ഘട്ടത്തിലായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കടന്ന് വരവ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ യുണ്ടാകുമെന്നാണ് സൂചന.
അതിഥി വേഷമാണെന്ന് ചില വാർത്താ മാധ്യമങ്ങളിൽ വാർത്ത വരുന്നുണ്ടങ്കിലും അഞ്ചു ദിവസത്തോളം അഭിനയിക്കേണ്ട സുപ്രധാനമായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്. ഹൈദരാബാദിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജോയിൻ്റ് ചെയ്ത മമ്മുട്ടി അവിടുത്തെ ഭാഗങ്ങൾ പൂർത്തിയാക്കി ദുബായിലേക്കാണ് പോയത്. ദുബായിൽ നിന്നും നേരെ യു.കെ.യിലേക്കു പോകുന്ന മമ്മൂട്ടി അവിടെ മഹേഷ് നാരായണൻ ചിത്രത്തിൽ വീണ്ടും ജോയിൻ്റ് ചെയ്യും. അതിനു ശേഷം കേരളത്തിലെത്തുന്ന മമ്മൂട്ടി ആദ്യം ചത്ത പച്ചയിൽ അഭിനയിക്കുമെന്നാണറിയാൻ കഴിയുന്നത്.
ഈ ചിത്രത്തിൻ്റെ മറ്റു ഭാഗങ്ങൾ മുഴുവനും പൂർത്തിയാക്കിയിരുന്നു. മമ്മുട്ടി അഭിനയിക്കുന്ന പോർഷനോടെ ചത്താ പച്ച പൂർത്തിയാകും.
റീൽ വേൾഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷിഹാൻ ഷൗക്കത്ത്, റിധേഷ് രാമകൃഷ്ണൻ എന്നിവർ നിർമ്മിക്കുന്നതാണ് ഈ ചിത്രം. വാഴൂർ ജോസ്