
സിനിമയെയും അതിനുപിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം പൈറസി തടയുക എന്നാണെന്ന് വ്യക്തമാക്കി നടി മമിത ബൈജു. വിജയ് നായകനായി എത്തിയ ജനനായകൻ റിലീസിന് മുൻപേ ചോർന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം. തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“പ്രിയപ്പെട്ട പ്രേക്ഷകരേ, നിരവധി ആളുകളുടെ കഠിനാധ്വാനം, അഭിനിവേശം, അർപ്പണബോധം എന്നിവയിലൂടെയാണ് ഒരു സിനിമ ജീവൻ വെയ്ക്കുന്നത്. ഓരോ ദിവസവും അവർ തങ്ങളാൽ കഴിയുന്നതെല്ലാം നൽകുന്നു. ഇത് നിയമവിരുദ്ധമായി പ്രചരിക്കുന്നത് കാണുന്നത് തീർത്തും നിരാശാജനകമാണ്. ചില നിമിഷങ്ങൾ ഉദ്ദേശിച്ചതുപോലെ തന്നെ വലിയ സ്ക്രീനിൽ ഒരുമിച്ച് അനുഭവിക്കാൻ ഉള്ളതാണ്. ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ സിനിമ ശരിയായ രീതിയിൽ കാത്തിരുന്ന് ആസ്വദിക്കാം. ദയവായി പൈറസിയെ പിന്തുണയ്ക്കരുത്. സിനിമയെയും അതിന് പിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അതാണ്.” മമിത കുറിച്ചു.
ചിത്രം ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയുന്നത് ഗുരുതരമായ കുറ്റമാണെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ്, ടെലിഗ്രാം, വെബ്സൈറ്റുകൾ തുടങ്ങിയവയിലോ മറ്റേതെങ്കിലും ഡിജിറ്റൽ സ്പെയ്സിലോ പൈറേറ്റഡ് ഉള്ളടക്കമോ അനധികൃത ക്ലിപ്പുകളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയുടെ ക്ലൈമാക്സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.