‘മാലിക്’ ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചു





ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാലിക്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 25നാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റോ ജോസഫ്, ഫഹദ് ഫാസില്‍ എന്നിവരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രം മെയ് 13നാണ് തീയറ്ററില്‍ റിലീസ് ചെയ്യുന്നത്.

മഹേഷ് നാരായാണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ 2019 സെപ്റ്റംബറിലാണ് ആരംഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. 20 വയസ് മുതല്‍ 57 വയസ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിമിഷ സജയന്‍, ജോജു ജോര്‍ജ്, മാലാ പാര്‍വ്വതി, ദിലീഷ് പോത്തന്‍, സലീം കുമാര്‍, ദിവ്യ പ്രഭ, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, ശരത്ത് കുമാര്‍, സുധി കോപ്പ, ജലജ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സാനു വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കും. ആന്റോ ജോസഫ് ഫിലം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചത്.

27 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. അതേസമയം തീയറ്റര്‍ റിലീസ് തന്നെയായിരിക്കും ചിത്രമെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞിരുന്നു. ‘സീ യൂ സൂണ്‍’ എന്ന ചിത്രമാണ് അവസാനം പുറത്തിറങ്ങിയ മഹേഷ് നാരായണന്‍ ചിത്രം. ഫഹദ് ഫാസില്‍, റോഷന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്.