മാലിക്കിന്റെ ലൊക്കേഷന്‍ ചിത്രവുമായി വിനയ് ഫോര്‍ട്ട്.ഫേസ്ബുക്ക് പേജിലൂടെയാണ് താരം ചിത്രം പങുവെച്ചത്.
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളില്‍ ഒന്നിലേക്ക് ഒരു എത്തിനോട്ടം എന്ന കുറിപ്പോടെയാണ് വിനയ് ഫോര്‍ട്ട് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിനയ് ഫോര്‍ട്ടിനൊപ്പം ചിത്രത്തില്‍ നായകന് ഫഹദ് ഫാസിലും ദിനേശ് നായരും കൂടെയുണ്ട്.
കഴിഞ്ഞ മാസമായിരുന്നു മാലിക്കിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം തീയറ്ററുകള്‍ അടച്ചത് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. ടേക്ക് ഓഫിന് ശേഷം സംവിധായകന് മഹേഷ് നാരായണനും ഫഹദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. നിമിഷ സജയനാണ് മാലിക്കിലെ നായിക. ചിത്രത്തിനായി ഫഹദ് ശരീരഭാരം കുറച്ചിരുന്നു. മെലിഞ്ഞ രൂപത്തിലുളള ഫഹദിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 15 കിലോയോളം ഫഹദ് കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജ്വലിക്കുന്ന കണ്ണുകളും നരച്ച മുടിയുമായി ഉറ്റുനോക്കുന്ന ഫഹദിനെയാണ് ആദ്യ പോസ്റ്ററില്‍ കാണുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, ജലജ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
പൊളിറ്റിക്കല്‍ ത്രില്ലറായ മാലിക്ക് 30 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് നിര്‍മ്മാണം. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കറാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസ്, സംഗീതം സുഷിന് ശ്യാം, എഡിറ്റിങ് മഹേഷ് നാരായണന്, പ്രൊഡക്ഷന്‍ ഡിസൈനിങ് സന്തോഷ് രാമന്, സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ എന്നിവരാണ്.
തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.