‘മാലിക്കും’ ,’കോൾഡ് കേസും’ ഒടിടി റിലീസിങ്ങിന് ഒരുങ്ങുന്നു

','

' ); } ?>

ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കും പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഒടിടി റിലീസിങ്ങിന് ഒരുങ്ങുന്നു. ഇരു ചിത്രങ്ങളും ഒടിടി റിലീസ്സ് ചെയ്യുന്നതിനുള്ള അനുമതി തേടി നിര്‍മ്മാതാവ് ആന്റോ ജോസഫ് കത്ത് നല്‍കിയിരുന്നു.

ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മ്മാതാവ്. കൊവിഡ് ആദ്യതരംഗത്തിനു ശേഷം ആന്റോ ജോസഫിന്റെ നിര്‍മ്മാണത്തില്‍ ചിത്രീകരണം നടത്തിയ മറ്റൊരു പ്രോജക്റ്റ് ആയിരുന്നു തനു ബാലകിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ‘കോള്‍ഡ് കേസ്’. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ആന്റോ ജോസഫ്, ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നായിരുന്നു കോള്‍ഡ് കേസിന്റെ നിര്‍മ്മാണം. ഇപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് മാലിക്കിനൊപ്പം കോള്‍ഡ് കേസും ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ഈ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യം വിശദീകരിച്ച് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് ആന്റോ ജോസഫ് കത്ത് നല്‍കിയത്.

ഇരു ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് കത്തില്‍ വ്യക്തമാക്കുന്നു- ഇരു ചിത്രങ്ങളും വന്‍ മുതല്‍മുടക്ക് ഉള്ളവയാണ്. മാലിക് 2019 സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങിയതാണ്. ഈ ചിത്രങ്ങള്‍ തിയറ്ററുകള്‍ റിലീസ് ചെയ്യുന്നതിനായി പരമാവധി ശ്രമിച്ചിരുന്നു. കൊവിഡ് വ്യാപനം കുറയുകയും സെക്കന്റ് ഷോ നടപ്പാവുകയും ചെയ്തതിനാല്‍ മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ്. നിര്‍ഭാഗ്യവശാല്‍ കൊവിഡ് വ്യാപനം കൂടുകയും വീണ്ടും തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു. ഈ ചിത്രങ്ങള്‍ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കൂ. ഇനി തിയറ്റര്‍ എന്നു തുറക്കും എന്ന കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനാലും ഈ ചിത്രങ്ങള്‍ ഒടിടി റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണ്, ആന്റോ ജോസഫിന്റെ കത്തില്‍ പറയുന്നു.

കഴിഞ്ഞ മാസമായിരുന്നു മാലിക്കിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം തിയേറ്ററുകള്‍ അടച്ചത് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്.

മഹേഷ് നാരായാണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ പരിപാടികള്‍ 2019 സെപ്റ്റംബറിലാണ് ആരംഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്. തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കോള്‍ഡ് കേസില്‍ അദിതി ബാലനാണ് നായിക