മൂന്ന് മിനിറ്റിലൊരു ബിഗ് ബാങ്…! മലയാളി ഹ്രസ്വ ചിത്രം ലണ്ടനിലേക്ക്

വ്യത്യസ്ഥമായ മെയ്ക്കിങ്ങും സന്ദേശവും കൊണ്ട് ഏറെ നിരൂപക പ്രശംസ നേടുകയാണ് ലാല്‍ ബിജോ സംവിധാനം ചെയ്ത ബിഗ് ബാങ് എന്ന ഹ്രസ്വചിത്രം. ലണ്ടനില്‍ നടക്കുന്ന ലിഫ്റ്റ്-ഓഫ് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിഗ് ബാങ് വളരെ ലളിതമായ രീതിയിലൂടെ ജലസംരക്ഷണത്തിന്റെ സന്ദേശം പങ്കുവെക്കുകയാണ്. ഏകദേശം മൂന്നര മിനിറ്റ് ദൈര്‍ഖ്യമുള്ള ചിത്രത്തിന് മികച്ച നിരൂപക പ്രശംസകളും ലഭിച്ചിരുന്നു. ബിജോ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്.

ബ്രാന്‍ഡുള്‍ മീഡിയ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ശ്രീക്കുട്ടനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. റിന്റോ കുരിയനാണ് എഡിറ്റര്‍. പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഏറെ വര്‍ദ്ധിക്കുന്ന കാലഘട്ടത്തില്‍ പ്രകൃതി തരുന്ന ഒരു മുന്നറിയിപ്പായാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

”പ്രകൃതി നമ്മുടെ കണ്‍കണ്ട ദൈവമാണ്. അത് നമുക്കു തരുന്ന അമൂല്യവസ്തുക്കളുടെ വില നമ്മള്‍ പലപ്പോഴും തിരിച്ചറിയാറില്ല. കാഴ്ച്ചകളിലൂടെയും ശബ്ദങ്ങളിലൂടെയും സ്പര്‍ശനങ്ങളിലൂടെയും അതു നമ്മോട് പലപ്പോഴും പലതും സംവദിക്കാറുണ്ട്, മുന്നറിയിപ്പ് നല്‍കാറുണ്ട്.. അതു തിരിച്ചറിയുന്നവന്‍ യുക്തിയോടെ പ്രവര്‍ത്തിക്കുന്നു. അല്ലാത്തവന്‍ അതിന്റ പരിണിത ഫലം അനുഭവിക്കുന്നു. ഈ സന്ദേശമാണ് ബിഗ് ബാങിലൂടെ നല്‍കുന്നത് ”- ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.