
കമൽഹാസൻ്റെ 237-ാം ചിത്രത്തിന് തിരക്കഥ ഒരുക്കാനൊരുങ്ങി മലയാള തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ. കെജിഎഫ്’, ‘കൈതി’, ‘വിക്രം’, ‘ലിയോ’, ‘ആർഡിഎക്സ്’ തുടങ്ങി നിരവധി ചിത്രങ്ങളുടെ സംഘട്ടനമൊരുക്കിയ സ്‌റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപറിവ് സഹോദരങ്ങളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇവരുടെ ആദ്യ സംവിധാന സംരംഭമാണ് കമൽഹാസനെ നായകനാക്കി ഒരുങ്ങുന്നത്.
ഇതാദ്യമായാണ് ശ്യാം തമിഴ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ആഷിഖ് അബുവിൻ്റെ ‘സാൾട്ട് ആൻഡ് പെപ്പർ’ എന്ന ചിത്രത്തിലൂടെയാണ് ശ്യാം പുഷ്‌കരൻ എഴുത്തുകാരനായി അരങ്ങേറ്റം കുറിച്ചത്. ‘ഇയോബിൻ്റെ പുസ്‌തകം’, ‘മഹേഷിന്റെ പ്രതികാരം’, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ‘കുമ്പളങ്ങി നൈറ്റ്സ്’, ‘മായാനദി’ ‘ജോജി’, ‘റൈഫിൾ ക്ലബ്’ തുടങ്ങിയ ചിത്രങ്ങൾക്കും ശ്യാം പുഷ്കരനാണ് തിരക്കഥ ഒരുക്കിയത്. ‘മഹേഷിന്റെ പ്രതികാര’ത്തിന് ശ്യാമിന് ദേശീയ അവാർഡും ലഭിച്ചിരുന്നു.
മണിരത്നം സംവിധാനം ചെയ്ത ‘തഗ് ലൈഫി’ലാണ് കമൽഹാസൻ അവസാനമായി അഭിനയിച്ചത്. ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണം പ്രേക്ഷകരിൽ നിന്ന് ലഭിച്ചിരുന്നില്ല. ശങ്കറിന്റെ ‘ഇന്ത്യൻ 3’യും അണിയറയിൽ ഒരുങ്ങുന്നുണ്ട്.