‘ഡോക്ടര്‍ ‘തീയറ്ററുകളിലെത്തുമ്പോള്‍ ‘മരക്കാര്‍’ ഓടിടിക്കോ?

നീണ്ട കാലാവധിക്ക് ശേഷം വീണ്ടും തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസിനെത്തുന്നത് ശിവകാര്‍ത്തികേയന്‍ നായകനാവുന്ന തമിഴ് ചിത്രമായ ഡോക്ടര്‍.തിങ്കളാഴ്ച മുതലാണ് കേരളത്തില്‍ തീയറ്ററുള്‍ തുറക്കുന്നത്.മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെയുള്ള എല്ലാ സിനിമാ തിയേറ്ററുകളും ഒരേ സമയത്തായിരിക്കും തുറക്കുക. അതേസമയം, തീയേറ്റര്‍ തുറക്കുമ്പോള്‍ 50% ശതമാനം സീറ്റുകളില്‍ മാത്രമാകും പ്രവേശനം അനുവദിക്കുക. 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശന അനുമതി.

ഒക്ടോബര്‍ 29 മുതലാണ് മലയാള സിനിമകള്‍ തിയേറ്ററുകളിലേക്കെത്തുന്നത്. ജോജു ജോര്‍ജ് നായകനായെത്തുന്ന സ്റ്റാര്‍ ആണ് റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം .ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണിത്.ചിത്രത്തില്‍ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ശരത്ത് അപ്പാനി നായകനായെത്തുന്ന ‘മിഷന്‍ സി’29ന് തന്നെ തീയറ്ററുകളിലെത്തും.സകലകലാശാല’ സംവിധാനം ചെയ്ത വിനോദ് ഗുരുവായൂരാണ് ‘മിഷന്‍ സി’യുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഇടുക്കിയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ നായിക പുതുമുഖമാണ്. എം സ്‌ക്വയര്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റിയാസ് കെ ബാദറാണ്.

സിനിമയുടെ റിലീസ് മുന്‍ഗണനാ അടിസ്ഥാനത്തില്‍ മോഹന്‍ലാല്‍ ചിത്രമായ മരക്കാറും ആറാട്ടും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും എന്ന് സംയുക്ത തീയറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു.എന്നാല്‍ ഇതുവരെയും ഇവയുടെ റിലീസ് തീയ്യതി അറിയിച്ചിട്ടില്ല.മരക്കാര്‍ ഓടിടി റിലീസ് കാണെന്ന തരത്തിലുളള റിപ്പോര്‍ട്ടും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ആന്റണി വര്‍ഗീസ് നായകനാവുന്ന ‘അജഗജാന്തരം’ ഈയാഴ്ച തിയേറ്ററുകളിലേക്കെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും റിലീസ് ഡിസംബറിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.