
മലയാള സിനിമകളെ കുറിച്ചും ഫഹദ് ഫാസിലിനെക്കുറിച്ചും തുറന്നു സംസാരിച്ച് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. ആവേശം, ആലപ്പുഴ ജിംഖാന, മഞ്ഞുമ്മൽ ബോയ്സ് പോലുള്ള സിനിമകളുടെ സ്വീകാര്യതയും അവയുടെ ബജറ്റും അതിശയിപ്പിക്കുന്നതാണെന്നും, എന്നാല്‍ ബോളിവുഡ് ചെലവേറിയ ഇൻഡസ്ട്രിയായത് കൊണ്ട് ഇത്രയും ചെറിയ സ്കെയിലിൽ സിനിമ എടുക്കുന്നത് ബുദ്ധിമുട്ടാണെന്നും കരൺ ജോഹർ വ്യക്തമാക്കി. ‘ദ് സ്ട്രീമിങ് ഷോ’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആവേശം മികച്ച ഒരു സിനിമയാണ്. ഫഹദ് ഫാസിൽ മികച്ച നടന്മാരിൽ ഒരാളാണ്.ക്ലൈമാക്സില്‍ എത്തിയപ്പോള്‍ എനിക്ക് ശ്വാസം മുട്ടിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. സിനിമയുടെ അവസാനം ഭാഗം വളരെ മികച്ചതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമകളുടെ ബജറ്റ് എന്നെ അത്ഭുതപ്പെടുത്തി. കരൺ ജോഹർ പറഞ്ഞു.
“ഇത്രയും ചെറിയ ബജറ്റിൽ ഒരു സിനിമ എങ്ങനെ നിർമ്മിക്കണമെന്ന് എനിക്കറിയില്ല. അത് മുംബൈ സിറ്റിയിൽ സാധ്യമല്ല. ബോളിവുഡിൽ നിന്നുള്ള ടെക്നീഷ്യൻ, സിനിമയോട് ബന്ധപ്പെട്ടു നിൽക്കുന്നവർ എല്ലാം വളരെ എക്സ്പെൻസീവ് ആണ്. നിങ്ങൾക്ക് എങ്ങനെ ഇത്രയധികം സിനിമ നിർമ്മിക്കാൻ കഴിയുന്നു. ഞങ്ങൾക്ക് കഴിയില്ല, കാരണം ഞങ്ങളുടെ പ്രതിഫലത്തിന്റെ സ്കെയിൽ കൂടുതലാണ്, ഞങ്ങൾ ചെലവേറിയ ഇൻഡസ്ട്രിയാണ്. അത് മാറ്റാൻ ഒരിക്കലും സാധിക്കില്ല”. കരൺ ജോഹർ കൂട്ടിച്ചേർത്തു.