
സത്യൻ അന്തിക്കാട് -മോഹൻലാൽ ചിത്രം “ഹൃദയപൂർവ്വ”ത്തിലെ മോഹൻലാലും മാളവിക മോഹനും തമ്മിലുള്ള പ്രായവ്യത്യാസത്തിനെ കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് നടി മാളവിക മോഹനൻ. സിനിമ കണ്ടതിനു ശേഷം വിമർശിക്കൂ എന്നാണ് മാളവിക മറുപടി നൽകുന്നത്. 65 കാരന്റെ നായികയായി 32 കാരി എത്തുന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാളവിക. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
” ആദ്യം സിനിമ റിലീസാകട്ടെ. സിനിമ കണ്ട ശേഷം അസാധാരണമായൊരു വിഷയമാണെന്ന് തോന്നുകയാണെങ്കില്‍ കമന്റ് ചെയ്യാം. അത് ന്യായമാണ്. അഭിപ്രായങ്ങളുണ്ടാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ ഒന്നുമറിയാതെ കമന്റ് ചെയ്യുന്നത് ശരിയല്ല” മാളവിക പറഞ്ഞു.
“ഇതിന്റെ കഥ യൂണിക് ആണ്. തീര്‍ത്തും അപരിചിതരായ രണ്ടു പേര്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നു. അവിടെ നിന്നും കഥ എങ്ങനെ പോകുന്നുവെന്നതാണ് സിനിമ. ഇത് ടിപ്പിക്കല് ലവ് സ്റ്റോറിയല്ല”. മാളവിക കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. കൂടാതെ ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. മാളവിക മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ.