
മുൻഎംഎൽഎയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതികരിച്ച് നടി മാലാ പാർവതി. ഇദ്ദേഹം സഖാവായതിനാലും ഇടതുപക്ഷമായതിനാലും കൂടുതൽ ശക്തമായി അപലപിക്കുന്നുവെന്ന് മാലാ പാർവതി പറഞ്ഞു. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും. കൂടുതൽ ശക്തമായി അപലപിക്കുന്നു’, മാലാ പാർവതി കുറിച്ചു.
ലൈംഗികാതിക്രമം നടത്തിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിലാണ് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) സെലക്ഷൻ സ്ക്രീനിങ്ങിനിടെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പി.ടി. കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെയാണ് കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 74, 75 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഐഎഫ്എഫ്കെയിലേക്കുള്ള മലയാള സിനിമകൾ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് പി.ടി. കുഞ്ഞുമുഹമ്മദ്. സമിതി അംഗമാണ് പരാതിക്കാരി. ഒരു മാസം മുമ്പാണ് കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. തിരുവനന്തപുരത്താണ് സിനിമകളുടെ സ്ക്രീനിങ് നടന്നത്. ഇരുവരും താമസിച്ചിരുന്ന നഗരമധ്യത്തിലെ ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. ലൈംഗികാതിക്രമത്തിനെതിരെ യുവതി ശക്തമായി പ്രതികരിച്ചശേഷം ഹോട്ടൽമുറിയിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
തുടർന്ന് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിന് കൈമാറി. തുടർന്ന് പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പരാതിയിൽ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് പോലീസിനോടും ചലച്ചിത്ര പ്രവർത്തക പറഞ്ഞത്. സിപിഎം സഹയാത്രികനും മുൻ ഇടത് എംഎൽഎയുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്.