‘ഡെൽഹി വിഷയത്തിൽ അൽപം സംയമനം പാലിക്കൂ’: അഭിപ്രായമറിയിച്ച് സംവിധായകൻ രോഹിത് ഷെട്ടി

രാജ്യത്തെ ഒന്നടങ്കം നടുക്കിയ വര്‍ഗ്ഗീയ കലാപങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെല്‍ഹിയില്‍ നടന്നത്. വിഷയത്തില്‍ അഭിപ്രായങ്ങളും പല വിമര്‍ശനങ്ങളുമായി പല കലാകാരന്മാരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതേ വിഷയത്തില്‍ ഇന്ന് നടന്ന ഗംഭീരമായ സൂര്യവന്‍ഷിയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ച് ഡെല്‍ഹി കലാപങ്ങളേക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടി. ഡെല്‍ഹിയിലെ ഗവണ്മെന്റ് അവരുടെ പണി ചെയ്യട്ടെയെന്നും ബാക്കിയുള്ളവര്‍ സംയമനം പാലിക്കണമെന്നുമാണ് എന്നുമാണ് രോഹിത് ഷെട്ടി പറഞ്ഞത്.

രോഹിത് ഷെട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:

‘ഡല്‍ഹിയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഏറെ ശ്രദ്ധ വേണ്ട ഒരു വിഷയമാണ്.എല്ലാവരും ഈ വിഷയങ്ങളെ കുറിച്ചു സംസാരിക്കുന്നുമുണ്ട്.പക്ഷെ ഇപ്പോള്‍ നമുക്ക് വേണ്ടത് രാജ്യത്ത് ശാന്തിയും സമാധാനവുമാണ്.ഇവിടെ മുംബൈയില്‍ ഇരുന്നു കൊണ്ട് ഞാന്‍ അഭിപ്രായങ്ങള്‍ പറയുന്നതുപോലെ എളുപ്പമല്ല ഡല്‍ഹിയിലെ അവസ്ഥ.അതുകൊണ്ട് ഇപ്പോള്‍ എല്ലാവരും മൗനം പാലിക്കുന്നതാണ് നല്ലത്.ഡല്‍ഹിയിലെ കാര്യം അവിടെയുള്ള ഗവണ്മെന്റും മുഖ്യമന്ത്രിയും നോക്കട്ടെ’

ഡല്‍ഹിയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കലാപങ്ങളെ പറ്റിയുള്ള നീണ്ട ചര്‍ച്ചകള്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ അടങ്ങിയിട്ട് പോരേ എന്നാണ് രോഹിത് ഷെട്ടി അഭിപ്രായപ്പെട്ടത്. ഡല്‍ഹിയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലിങ്ങള്‍ക്കെതിരെയായിരുന്നു ആക്രമണം നടത്തിയത്. 46പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.ഫെബ്രുവരി 24നായിരുന്നു ഡല്‍ഹിയില്‍ കലാപം ആരംഭിച്ചത്.

അനുരാഗ് കശ്യപ്, ജാവേദ് അക്തര്‍ തുടങ്ങിയവരും ഈ വിഷയത്തില്‍ ഡല്‍ഹി പൊലീസിനെതിരെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുമുള്ള തങ്ങളുടെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.