
ദുൽഖർ സൽമാനും ‘കാന്താ’ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും നോട്ടീസയച്ച് മദ്രാസ് ഹൈക്കോടതി. കാന്ത ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ത്യാഗ രാജ ഭാഗവതരുടെ മകൻ കോടതിയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് നോട്ടീസ്. ചിത്രത്തിൽ ത്യാഗരാജ ഭഗവതരെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. കഥയെ കുറിച്ചോ, ചിത്രത്തെ കുറിച്ചോ തങ്ങളോട് സംസാരിക്കുകയോ, അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഈ മാസം 18 ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്താനിരിക്കെയാണ് കോടതിയുടെ നടപടി.
സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന ഈഗോ, പ്രതികാരം, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് സൂചന. “ദ ഹണ്ട് ഫോർ വീരപ്പൻ” എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് കാന്തയുടെ സംവിധായകനായ സെൽവമണി സെൽവരാജ്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കാന്ത’ യുടെ ട്രെയ്ലറിന് സമൂഹ മാധ്യമങ്ങളിൽ വമ്പൻ വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. ഇതിനോടകം യൂട്യൂബിൽ നിന്ന് 12 മില്ല്യൺ കാഴ്ചക്കാരെയാണ് ഈ ട്രെയ്ലർ നേടിയത്. ചിത്രത്തിന്റെ തെലുങ്ക് ട്രെയ്ലർ ഇതിനോടകം 7 മില്യണും തമിഴ് ട്രെയ്ലർ 5 മില്യൺ കാഴ്ചക്കാരെയുമാണ് നേടിയത്. ഒരു ഗംഭീര സിനിമാനുഭവം പ്രേക്ഷകർക്ക് നൽകുമെന്ന് ഉറപ്പ് നൽകുന്ന ട്രെയ്ലർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമായി കഴിഞ്ഞു. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് “കാന്ത” കഥ പറയുന്നത്. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോൾ, പോലീസ് ഓഫീസർ ആയാണ് റാണ ദഗ്ഗുബതി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോർസെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.