പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന മധുരരാജയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്റര്‍ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. പോക്കിരിരാജ റിലീസ് ചെയ്ത് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ടാം ഭാഗമായി മമ്മൂട്ടിയുടെ മധുരരാജ ആരാധകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ.
പുലിമുരുകന് ശേഷം വൈശാഖ്, ഉദയകൃഷ്ണ, പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു.അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍, ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇതിനു പുറമെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു.
ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്‌സ് ഗ്രാഫിക്‌സ് വിദഗ്ദ്ധര്‍ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്. ഒരേ സമയം മലയാളം, തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മിക്കുന്ന ചിത്രം യുകെ സ്റ്റുഡിയോസ് വിതരണത്തിനെത്തിക്കും.