‘അമ്മ നടി ആണെങ്കിലും മൂത്രമൊഴിക്കണമല്ലോ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍’-മാല പാര്‍വതി

കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാര്‍ സെറ്റിലെ ചില പ്രശ്‌നങ്ങളെ കുറിച്ച് ചൂണ്ടിക്കാണിച്ച തന്നോട് നിര്‍മാതാവ് മോശം ഭാഷയില്‍ സംസാരിച്ചുവെന്ന് നേരത്തേ നടി മലാ പാര്‍വതി പറഞ്ഞിരുന്നു. സിനിമാ സംഘടനകള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനു പിന്നാലെ നിര്‍മാതാവിന്റെ ജീവനക്കാരില്‍ ഒരാള്‍ അമ്മ നടി കാരവന്‍ ചോദിച്ചുവെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു മറുപടിയുമായി മലാ പാര്‍വതി രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജയ് പാല്‍ എന്ന വ്യക്തിയാണ് ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. താന്‍ തന്റെ കൈയ്യിലെ കാശ് കൊടുത്താണ് കാരവന്‍ സെറ്റില്‍ എത്തിച്ചതെന്ന് മാല പാര്‍വതി പറയുന്നു. ബില്‍ സഹിതമാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

happy sardhar.. എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം sanjay pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസര്‍ടെ കാഷ്യര്‍ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? sanjay pal എന്ന ആള്‍ക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേര്‍ക്കുന്നു.
ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്‍ക്കാലം നിര്‍ത്തുന്നു.