
അന്തരിച്ച നടൻ ധർമേന്ദ്രക്കൊപ്പമുള്ള മറക്കാനാവാത്ത അനുഭവം പങ്കുവച്ച് സംവിധായകൻ എം.പദ്മകുമാർ. ‘ജോസഫ്’ കണ്ട് തന്നെ ചേർത്തുപിടിച്ച ധർമേന്ദ്രയുടെ സ്നേഹവും വാത്സല്യവും അദ്ദേഹം ഓർത്തെടുത്തു. കൂടാതെ കേരളത്തിൽ നിന്നെത്തിയ തന്നെപ്പോലുള്ള ഒരു സംവിധായകനെ താൻ പ്രതീക്ഷിച്ചതിനേക്കാൾ ഹൃദ്യമായിട്ടാണ് ധരംജി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ധരംജി എന്നു സിനിമാലോകം വിളിക്കുന്ന ധർമേന്ദ്രയുമായുള്ള എൻ്റെ കണ്ടു മുട്ടൽ അത്യധികം വികാരാധീനമായിരുന്നു. 2022ൽ ‘ജോസഫ്’ എന്ന ഞാൻ സംവിധാനം നിർവഹിച്ച സിനിമയുടെ ഹിന്ദി റീമേക്കിന്റെ ചർച്ചകൾക്കായി അതിൻ്റെ ഹിന്ദിയിലെ നായകൻ സണ്ണി ഡിയോളുമായി ഞാൻ കാണുന്നത് മണാലിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു. കൂടെ എൻ്റെ നിർമ്മാതാവായ കമൽജി (കമൽ മുക്കൂട്ട്)യും. സണ്ണിയെ കാണുന്നതിനു മുൻപ് മണാലിയിലെ വിസ്തൃതമായ ഫാം ഹൗസിൻ്റെ പുൽത്തകിടിയിൽ കസേരയിട്ടിരിക്കുന്ന ധർമേന്ദ്രയെയാണ് ആദ്യം കണ്ടത്. കേരളത്തിൽ നിന്നെത്തിയ എന്നെപ്പോലുള്ള ഒരു സംവിധായകനെ ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഹൃദ്യമായിട്ടാണ് ധരംജി സ്വീകരിച്ചത്. മലയാള സിനിമയും മമ്മൂട്ടിയും മോഹൻലാലും ഒക്കെ ധരംജിയുടെ സംസാരവിഷയമായിരുന്നു. അതിനു ശേഷം ഞങ്ങൾ സണ്ണിയുമായി സംസാരിക്കുന്നതിനിടയ്ക്ക് ധരംജിയും കുടുംബവും അവരുടെ ഹോം തിയ്യേറ്റിൽ ‘ജോസഫ്’ കണ്ടു.” എം.പദ്മകുമാർ പറഞ്ഞു.
“ചർച്ചകൾ കഴിഞ്ഞ് ഓഫിസ് മുറിയിൽ നിന്ന് ഞങ്ങൾ ഫാംഹൗസിന്റെ സ്വീകരണമുറിയിലേക്ക് എത്തിയപ്പോൾ ധരംജി അവിടെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. ഞാൻ അരികിലേക്കെത്തിയപ്പോൾ ധരംജി ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. എന്റെ മുന്നിൽ ഇന്ത്യൻ സിനിമയിലെ സൂപ്പർതാരമായിരുന്ന മഹാനടൻ എന്നെ തന്നെ നോക്കി ഒരല്പനേരം നിന്നു. ആ കണ്ണുകൾ തിളങ്ങുന്നതും സ്നേഹമോ വാത്സല്യമോ ഒക്കെ ഇടകലർന്ന ഒരു വികാരം അതിൽ വന്നു നിറയുന്നതും എനിക്കു കാണാമായിരുന്നു. പിന്നെ ആ കൈകൾ കൊണ്ട് എന്നെയൊന്നു ചേർത്തു പിടിച്ചു.. well done betta… well done.. എന്നു പറഞ്ഞതു മാത്രം ഞാൻ കേട്ടു. പിന്നെ അദ്ദേഹം പറഞ്ഞതു മുഴുവൻ എൻ്റെയുള്ളിൽ നിറഞ്ഞുകവിഞ്ഞ വികാരാവേശത്തിൽ എനിക്കു കേൾക്കാനാവാത്ത വിധം മുങ്ങിപ്പോയിരുന്നു. ഒടുവിൽ ‘ജോസഫ്’ ആയി സ്ക്രീനിൽ ജീവിച്ച ആ നടന്റെ പേരു ചോദിച്ചതും ഞാൻ ജോജുവിനെ കുറിച്ച് പറഞ്ഞതും മാത്രമേ എൻ്റെ ബോധതലത്തിലുള്ളൂ. ‘ജോസഫ്’ എന്ന സിനിമ സംവിധാനം ചെയ്‌തതിന് എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് ആ വാക്കുകളും ഗാഡാലിംഗനവും എന്ന് ഞാനിന്നും വിശ്വസിക്കുന്നു. ജോസഫിൻ്റെ ഹിന്ദി റീമേക്ക് പൂർത്തിയായി. ഡിസംബർ ആദ്യം, ധരംജിയുടെ ജന്മദിനത്തിന് ടൈറ്റിൽ അനൗൺസ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു.. പക്ഷെ അതിനു കാത്തു നിൽക്കാതെ ധരംജി വിടവാങ്ങി. സണ്ണി ഡിയോൾ ആ കഥാപാത്രത്തെ എത്ര ഉജ്വലമായി തന്നിലേക്ക് ആവാഹിച്ച് അവതരിപ്പിച്ചു എന്ന് കാണാൻ കൂട്ടാക്കാതെ അദ്ദേഹത്തിനു യാത്ര പറയേണ്ടി വന്നു. എങ്കിലും എനിക്കറിയാം, ഞങ്ങൾക്കറിയാം.. കണ്ണെത്താനാവാത്ത ഉയരങ്ങളിൽ എവിടെയോ നിന്ന് അദ്ദേഹം ഞങ്ങളെ അനുഗ്രഹിക്കും.. ആശീർവദിക്കും.. ഒരിക്കൽ എന്നെ ചേർത്തു പിടിച്ചതുപോലെ ഞങ്ങളുടെ ഈ സിനിമയേയും തന്റെ ഹൃദയത്തോടു ചേർത്തു വയ്ക്കും, എനിക്കുറപ്പുണ്ട്.” എം.പദ്മകുമാർ കൂട്ടിച്ചേർത്തു.
ഇന്നായിരുന്നു നടൻ ധർമേന്ദ്രയുടെ മരണം. 89 വയസ്സായിരുന്നു. തന്റെ സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കരൺ ജോഹർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് അസുഖം ഭേദമായതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഡിസംബർ എട്ടിന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.