കലയെയും നാടകത്തെയും ജീവവായുവായി കൊണ്ടു നടക്കുന്ന ഒരാള്‍

അരങ്ങനുഭവങ്ങള്‍ സ്മൃതിബിംബങ്ങളിലൂടെ വീണ്ടെടുക്കപ്പെടുന്ന തിയേറ്റര്‍ സോംഗ് ഫിലിമിന് അഭിനന്ദനവുമായി സംവിധായകന്‍ എം. പത്മകുമാര്‍. വേഷപ്പകര്‍ച്ചകളെയും ഭാവപ്രകടനങ്ങളെയും തീവ്ര ഭാഷണങ്ങളെയും പാട്ട് താളത്തിന്റെ പശ്ചാത്തലത്തില്‍ കോര്‍ത്തിണക്കുന്ന സവിശേഷമായ ദൃശ്യാനുഭവമാണ് ഡ്രാവോ. നാടകപ്രവര്‍ത്തകനായ വിജേഷ് കെ.വിയാണ് വരികളെഴുതി സംഗീതം നിര്‍വ്വഹിച്ച് ഡ്രാവോ സംവിധാനം ചെയ്തിരിക്കുന്നത്. നാടകമെന്ന തകര്‍ന്നുകൊണ്ടിരിക്കുന്ന നാലുകെട്ടിനെ സ്‌നേഹിക്കുകയും നിലനിര്‍ത്താനായി ആഗ്രഹിക്കുകയും അതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്യുകയും ചെയ്യുന്ന കുറച്ചു പേരെങ്കിലും നമുക്കു ചുറ്റും ഉണ്ടെന്ന് പറഞ്ഞാണ് സംവിധായകന്‍ എം. പത്മകുമാര്‍ ഡ്രാവോ പങ്കുവെച്ചിരിക്കുന്നത്. ഹരീഷ് പേരടി ഉള്‍പ്പെടെ അരങ്ങില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ നിരവധിപേര്‍ നേരത്തെ ഡ്രാവോയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരുന്നു. എം. പത്മകുമാറിന്റെ പോസ്റ്റ് താഴെ.

ആധുനിക ശില്പമാതൃകയില്‍ കെട്ടി ഉയര്‍ത്തപ്പെട്ട ഒരു രമ്യഹര്‍മ്മ്യമാണ് സിനിമ എങ്കില്‍, നാടകം എന്നത് സംസ്‌കാരം ജനിച്ചു വളര്‍ന്ന, കൃത്യമായ പരിരക്ഷണത്തിന്റെ അഭാവം കൊണ്ട് പാഴടഞ്ഞു കൊണ്ടിരിക്കുന്ന ഒരു പഴയ നാലുകെട്ടാണ്. വിസ്മയിപ്പിക്കുന്ന പ്രഭാപൂരം കൊണ്ട് ശ്രദ്ധ നേടുന്നത് മുഴുവന്‍ സിനിമയാണെങ്കിലും തകര്‍ന്നുകൊണ്ടിരിക്കുന്ന നാലുകെട്ടിനെ സ്‌നേഹിക്കുകയും നിലനിര്‍ത്താനായി ആഗ്രഹിക്കുകയും അതിനു വേണ്ടി അശ്രാന്ത പരിശ്രമം ചെയ്യുകയും ചെയ്യുന്ന കുറച്ചു പേരെങ്കിലും നമുക്കു ചുറ്റും ഉണ്ട്. (ആ ആഗ്രഹമാണ് സിനിമക്കു നല്‍കുന്ന പരിഗണന നാടകത്തിനു നല്‍കുന്നില്ല എന്നതിന്റെ പേരില്‍ തന്റെ സര്‍ക്കാരിനോടു പോലും കലഹിക്കാന്‍ ഹരീഷ് പേരടിയെപ്പോലെ ഒരാളെ പ്രേരിപ്പിക്കുന്നത് ) അവരില്‍ ഒരാള്‍ അതാണ് കോഴിക്കോട്ടുകാരന്‍ എന്റെ സുഹൃത്ത് വിജേഷ്. കലയെയും നാടകത്തെയും ജീവവായുവായി കൊണ്ടു നടക്കുന്ന ഒരാള്‍. നാടകത്തിനു വേണ്ടി, നാടകത്തെ, കലയെ, സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി വിജേഷ് ദൃശ്യവല്‍ക്കരിച്ച ഈ ഗാനം മതി, ആ പ്രതിബദ്ധത നമ്മളെ ബോധ്യപ്പെടുത്താന്‍. ഒരു കലാകാരന്‍ ആയിട്ടല്ല, ഒരു ആസ്വാദകനായിട്ടെങ്കിലും വിജേഷിനെ ഒന്നു ഗാഡാലിംഗനം ചെയ്തു കൊള്ളട്ടെ ഞാന്‍!!. ഒപ്പം ഈ ഉദ്യമത്തിനു കൂട്ടായി ക്യാമറക്കു മുന്നിലും പിന്നിലും നിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്‌നേഹാഭിവാദ്യങ്ങള്‍!.

ഡ്രാവോ താഴെയുള്ള ലിങ്കില്‍കാണാം