മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് മമ്മൂട്ടിയുടെ ‘ഉണ്ട’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനം കീഴടക്കിയ താരമാണ് ലുക്മാന്‍. ഉണ്ടയിലെ ബിജുകുമാറിനെ അവതരിപ്പിച്ച് നിറയെ പ്രശംസ നേടി നില്‍ക്കുകയാണ് താരം. ‘കെഎല്‍ 10 പത്ത്’, ‘സ്‌റ്റൈല്‍’, ‘ഉദാഹരണം സുജാത’, ‘ഗോദ’, ‘സുഡാനി ഫ്രം നൈജീരിയ’ തുടങ്ങിയ ചിത്രങ്ങളിലും ലുക്മാന്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് ലുക്മാന്‍…
- എന്താണ് ഏറ്റവും പുതിയ വിശേഷങ്ങള്‍, പുതിയ ചിത്രങ്ങള്‍..?
ഏറ്റവും പുതിയ വിശേഷം ലിജോ ജോസ് പല്ലിശ്ശേരിയുടെ സിനിമയാണ്… ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്നൊരു ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞു. ടൊവിനോ നായകനായെത്തുന്ന ‘ഫോറന്‍സിക്’ എന്ന ചിത്രമാണ് ചെയ്ത്‌കൊണ്ടിരിക്കുന്നത്. ‘അജഗജാന്തരം’ ഷൂട്ട് തുടങ്ങാന്‍ പോവുകയാണ്… ഫോറന്‍സിക്കില്‍ എനിക്ക് ചെറിയൊരു വേഷമാണെങ്കിലും നല്ല സിനിമയുടെ ഭാഗമാകാം എന്ന ഉദ്ദേശത്തില്‍ അഭിനയിച്ച ചിത്രമാണത് (പുഞ്ചിരി).
- റിലീസാവാനിരിക്കുന്ന ചിത്രം…?
സണ്ണി വെയ്ന്‍ നായകനായെത്തുന്ന ‘അനുഗ്രഹീതന്‍ ആന്റണി’യുടെ ഡബ്ബിംഗ് വര്‍ക്കുകളൊക്കെ കഴിഞ്ഞിരിക്കുകയാണ്. പിന്നെ ആന്റണി വര്‍ഗ്ഗീസ് നായകനാവുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ എന്ന ചിത്രവും ഉടനെത്തും…
- വരാനുള്ള ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളെക്കുറിച്ച്…
ലിജോ ജോസ് പല്ലിശേരിയുടെ ചിത്രത്തില്‍ ചലഞ്ചിംഗായിട്ടുള്ളൊരു കഥാപാത്രമാണ് ചെയ്യുന്നത്… ഫുള്‍ ടൈം വെള്ളമടിച്ച് ഫിറ്റായി നടക്കുന്ന ഒരാളായിട്ടാണ് എത്തുന്നത്..! സിനിമയില്‍ മൊത്തം അയാള്‍ അങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നത്. ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ ഫുട്‌ബോള്‍ അടിസ്ഥാനമാക്കിയുള്ള സിനിമയാണ്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന നാട്ടിലുളള കുറച്ച് ചെറിയ കുട്ടികളെ സപ്പോര്‍ട്ട് ചെയ്യുന്ന ആളായിട്ടാണ് ഞാന്‍, കൂടാതെ പെപ്പെ, ബാലു വര്‍ഗ്ഗീസ് എന്നിവരെല്ലാം എത്തുന്നുണ്ട്…
- സുഡാനിക്ക് ശേഷം ആനപ്പറമ്പിലെ വേള്‍ഡ് കപ്പിലൂടെ വീണ്ടും ഫുട്‌ബോള്‍.. അതിനെക്കുറിച്ച്?
അതെന്താണെന്ന് അറിയില്ല… (ചിരിക്കുന്നു). ഈയിടെയായിട്ട് ഫുട്‌ബോള്‍ പരിപാടികള്‍ വരുമ്പോളെല്ലാം വിളിക്കാറുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ അര്‍ജ്ജന്റീന ഫാന്‍സ് കാട്ടൂര്‍കടവില്‍ കാസ്റ്റിംഗ് നടക്കുകയായിരുന്നു. എന്റെ പേര് ആരോ പറഞ്ഞപ്പോള്‍ തമാശയ്ക്ക് മിഥുന്‍ ചേട്ടന്‍ പറയുകയാണ് എല്ലാ ഫുട്‌ബോള്‍ പടത്തിലും ഇവനുണ്ടെന്നുള്ള അവസ്ഥയായെന്ന്..! (ചിരിക്കുന്നു)..
- എങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്…?
ഞാന്‍ എന്‍ജിനിയറിംഗ് പഠിച്ച്‌കൊണ്ടിരിക്കുമ്പോള്‍ റായിസ് എന്നൊരു സുഹൃത്താണ് കോഴിക്കോട് ഒരു സിനിമ നടക്കുന്നുണ്ടെന്ന് പറഞ്ഞത്. അവനതില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്യുന്നുണ്ട്… ആ ചിത്രത്തില്‍ ഒരു ക്യാരക്ടറിന് ചാന്‍സുണ്ടെന്നൊക്കെ പറഞ്ഞതിനാല്‍ പോയി നോക്കാമെന്ന് ഞാനും കരുതി. അഞ്ചാം ക്ലാസ് മുതല്‍ നാടകങ്ങളൊക്കെ ചെയ്യാറുണ്ടായിരുന്ന ധൈര്യത്തിലാണ് പോയത്. ഉണ്ടയുടെ തിരക്കഥാകൃത്തായ ഹര്‍ഷദിക്ക ഒരുക്കുന്ന ‘ദായോം പന്ത്രണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടായിരുന്നു അത്. രണ്ടാഴ്ച്ചയോളം ചിത്രവുമായി ബന്ധപ്പെട്ട ക്യാമ്പെല്ലാം കഴിഞ്ഞാണ് ഷൂട്ട് ആരംഭിച്ചത്. വളരെ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു… ഈ ചിത്രത്തിന് ശേഷം ഞാന്‍ റായിസ് തന്നെ സംവിധാനം ചെയ്ത ‘കിട്ടുവോ’ എന്ന ഷോര്‍ട്ട് ഫിലിം ചെയ്തു. പിന്നീട് ‘സപ്തമശ്രീ തസ്‌കരാ: ‘യുടെ ഓഡീഷനുണ്ടെന്നറിഞ്ഞ് പങ്കെടുക്കാന്‍ പോയി. ഓഡീഷന്‍ നടത്തിയത് ‘ഉണ്ട’യുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ആയിരുന്നു. ഞാന്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിം ഖാലിദ് റഹ്മാന്‍ കണ്ടിട്ടുണ്ടായിരുന്നതിനാല്‍ ആ ഓഡീഷനില്‍ ‘സപ്തമശ്രീ തസ്‌കര:’ യിലേക്ക് സെലക്ടായി… അങ്ങനെ പിന്നീട് ഓരോരോ സിനിമകളായി… മുഹ്‌സിന്‍ പരാരി, സക്കറിയ തുടങ്ങീ നമ്മുടെ ടീമിലുള്ളവരും പതിയെ സിനിമയില്‍ കയറി.
- നാടകത്തെക്കുറിച്ച്…?
പ്രൊഫഷണല്‍ നാടകങ്ങളല്ല, അമേച്ച്വര്‍ നാടകങ്ങളാണ് ചെയ്തത്. സ്‌ക്കൂളില്‍ പഠിക്കുന്നത് മുതല്‍ നാടകം ചെയ്യുന്നുണ്ട്… മത്സരങ്ങളിലൊക്കെ ‘ബെസ്റ്റ് ആക്ടര്‍’ ആയിരുന്നു. ഒരു നാട്ടിന്‍ പ്രദേശത്തുള്ള ഒരു ഇടത്തരം കുടുംബമായിരുന്നു എന്റേത്. സിനിമാ പോസ്റ്റര്‍പോലും നാട്ടില്‍ ഒട്ടിക്കാറില്ലായിരുന്നു..! സിനിമാ പശ്ചാത്തലമുള്ള നാടും ഫാമിലിയുമല്ലാത്തതിനാല്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നൊന്നും പറഞ്ഞാല്‍ ഇവിടെ ആരും വിശ്വസിക്കില്ല… അതിനാല്‍ തന്നെ ആ കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് ‘സപ്തമശ്രീ തസ്‌കര: ‘യില്‍ എന്നെ ചെറിയൊരു വേഷത്തിലാണ് കണ്ടതെങ്കിലും ആള്‍ക്കാര്‍ വിചാരിച്ചത് ഞാന്‍ പൃഥ്വിരാജുമായൊക്കെ ഭയങ്കര കമ്പനിയാണെന്നാണ്. ഞാന്‍ പൃഥ്വിരാജിനെ നേരിട്ട് കണ്ടിട്ട് തന്നെയില്ല (ചിരിക്കുന്നു)… ഇപ്പോള്‍ ആള്‍ക്കാരൊക്കെ ഞാന്‍ സിനിമ നടനാണെന്ന് അറിഞ്ഞു.
- ലുക്മാന്റെ നാട് എവിടെയാണ്…?
ഞാന്‍ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ്. ചങ്ങരംകുളത്ത് ഉദിനുപ്പറമ്പാണ് എന്റെ നാട്…
- സുഡാനിയിലൂടെയാണ് ലുക്മാനെ പ്രേക്ഷകര്‍ കൂടുതലറിഞ്ഞത്. ആ ചിത്രത്തിന്റെ എക്‌സ്പീരിയന്‍സിനെക്കുറിച്ച്…?
സമീര്‍ താഹിറും ഷൈജു ഖാലിദും കാരണമാണ് എനിക്ക് ‘സുഡാനി’ എന്ന ചിത്രം ലഭിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ സക്കറിയയ്ക്കും മുഹ്‌സിന്‍ പരാരിയ്ക്കും സ്‌പെയ്‌സ് കൊടുക്കുന്നത് ഇവര്‍ രണ്ടുപേരുമാണ്… അവര്‍ക്ക് സ്‌പെയ്‌സ് കിട്ടിയപ്പോള്‍ സ്വാഭാവികമായിട്ട് നമ്മളും അത് ഉപയോഗിക്കുമല്ലൊ.?! അങ്ങനെയാണ് ഞാനും ഈ ചിത്രത്തിലെത്തുന്നത്. എറണാകുളത്ത് വന്നാല്‍ എന്തായാലും ഞങ്ങള്‍ സമീര്‍ ഇക്കയുടെയും ഷൈജു ഇക്കയുടെ അടുത്തും പിന്നെ ആഷിക് അബുവിന്റെ അടുത്തും പോകാറുണ്ട്… എന്തായാലും സുഡാനിയില്‍ ഞാനുണ്ടാവുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം മുഹ്‌സിന്‍ പരാരി ആ സിനിമയില്‍ ഞാനുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു… സൗബിന്‍ ഇക്കയുമായും ഇപ്പോഴും കോണ്‍ടാക്ട് ഉണ്ട്… നല്ല എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു ചിത്രം.
- ലുക്മാനെ ഒരു ‘അഭിനേതാവ്’ എന്ന രൂപത്തില്‍ അടയാളപ്പെടുത്തിയെ ചിത്രമായിരുന്നു ‘ഉണ്ട’. ഇത്രമാത്രം ഡെപ്ത് ഉള്ളൊരു കഥാപാത്രമാണെന്ന് ചെയ്യുമ്പോള്‍ മനസ്സിലായിരുന്നോ…?
രണ്ടും കല്‍പ്പിച്ച് പടച്ചോനെ മനസ്സില്‍ വിചാരിച്ചങ്ങ് ചെയ്തു..! വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രമാണ് ബിജു കുമാറെന്ന് എന്നോട് ആദ്യമേ പറഞ്ഞിരുന്നു… അത് ഞാനാണ് ചെയ്യുന്നതെന്നൊന്നും എന്നോട് പറഞ്ഞിരുന്നില്ല. പക്ഷെ, അതില്‍ ഏതെങ്കിലും ഒരു പോലീസുകാരന്റെ വേഷം നിന്നെക്കൊണ്ട് ചെയ്യിപ്പിക്കും, ‘ബിജു കുമാര്‍’ എന്ന കഥാപാത്രം നിനക്ക് കിട്ടുമോ എന്നറിയില്ലെന്നാണ് ഹര്‍ഷദിക്കയും എന്നോട് പറഞ്ഞത്. ‘സുഡാനി’യൊക്കെ കഴിഞ്ഞ് ഒരു ദിവസം സമീര്‍ക്കയുടെയും ഷൈജുക്കയുടെയും ഫഌറ്റില്‍ നില്‍ക്കുമ്പോഴാണ് എന്നെ ഖാലിദ് റഹ്മാന്‍ വിളിച്ച് ബിജു കുമാറായിട്ട് സെലക്ട് ചെയ്തത് പറയുന്നത്… ബിജു കുമാറിന്റെ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്നുള്ള ഒരു ടെന്‍ഷനുണ്ടായിരുന്നു. അവന്‍ തന്ന കോണ്‍ഫിഡന്‍സില്‍ രണ്ടും കല്‍പ്പിച്ച് ചെയ്തു.
- സൈലന്‍സ്‌പോലും ആ കഥാപാത്രത്തിന്റെ ഭാഗമാണ്. അതിനെക്കുറിച്ചെല്ലാം മനസ്സിലാക്കിയാണൊ ചെയ്തത് അല്ലെങ്കില്‍ സംഭവിച്ചതോ…?
ഷൂട്ട് തുടങ്ങുന്നതിന്റെ ഒരു മാസം മുന്നേ തന്നെ അവിടെ സ്‌ക്രിപ്റ്റ് റീഡിംഗൊക്കെ ഉണ്ടായിരുന്നു… റഹ്മാന്റെ ശൈലി അങ്ങനെയാണ്. വളരെ എന്‍ജോയ് ചെയ്താണ് ചിത്രമെടുത്തത്… റഹ്മാനും ഹര്‍ഷദിക്കയ്ക്കും ആ കഥാപാത്രത്തെക്കുറിച്ച് എങ്ങനെ വേണമെന്ന് വ്യക്തമായ ബോധം ഉണ്ടായിരുന്നു. അപ്പോള്‍ ‘അവരെ കറക്ടായിട്ട് അനുസരിക്കുക’ എന്നത് മാത്രമാണ് ഞാന്‍ ചെയ്തത്. അത്‌കൊണ്ട് ആ കഥാപാത്രം നന്നായിട്ട് വന്നു…
- ജാതീയമായ വിവേചനങ്ങളെക്കുറിച്ച് വ്യക്തമായി ചിത്രം പറയുന്നുണ്ട്. ഈ രാഷ്ട്രീയത്തോടുള്ള ലുക്മാന്റെ കാഴ്ച്ചപ്പാട് എങ്ങനെയാണ്..?
മനുഷത്വപരമായിട്ട് ‘എല്ലാവരെയും ഒരുപോലെ കാണുക’ എന്നെല്ലാം ചിന്തിക്കുന്ന ആളാണ് ഞാന്‍… പക്ഷെ എത്ര വലിയ സ്ഥാനങ്ങളിലെത്തിയാലും ജാതിവ്യവസ്ഥകളൊന്നും ഒരിക്കലും മാറുമെന്ന് തോന്നുന്നില്ല. ‘ഉണ്ട’ ചെയ്യുമ്പോള്‍ റഫറന്‍സായിട്ട് ഖാലിദ് റഹ്മാന്‍ ‘നൂറ് സിംഹാസനങ്ങള്‍’ എന്ന നോവല്‍ എന്നോട് വായിക്കാന്‍ പറഞ്ഞിരുന്നു… ഒരൊറ്റ നിമിഷംകൊണ്ടോ സംഭവങ്ങള്‍കൊണ്ടോ ഒന്നും ഈ ജാതി ചിന്താഗതിയൊന്നും മാറില്ല.
- മമ്മൂക്കയ്‌ക്കൊപ്പമുള്ള എക്‌സ്പീരിയന്‍സ്…?
‘ഉണ്ട’യുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്തേയ്ക്ക് പുറത്ത് നിന്ന് ആര്‍ക്കും വരാന്‍ പറ്റില്ല. ഷൂട്ടിംഗ് ഒരു കാടിനകത്തായതിനാല്‍ നമ്മള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ… പുളളി ഫുള്‍ ഓണായതിനാല്‍ ഭക്ഷണം വരെ കാരവാനില്‍ നിന്ന് കഴിക്കാതെ പുറത്ത് നിന്ന് കഴിച്ച ദിവസങ്ങളുണ്ട്..! അതിനാല്‍ തന്നെ അദ്ദേഹവുമായിട്ട് ഒരുപാട് അടുത്തിരുന്നു. കഴിഞ്ഞ ദിവസം ‘വണ്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഞാനും ഗോകുലനും പോയി മമ്മൂക്കയെ കണ്ടിരുന്നു… മമ്മൂക്കയ്ക്കിഷ്ടപ്പെട്ട ‘അണ്ടിപ്പുട്ട്’ എന്ന വിഭവം വീട്ടില്‍ നിന്ന് ഉണ്ടാക്കി കൊണ്ടു കൊടുക്കുകയും ചെയ്തു. കുറേ സമയം അന്ന് മമ്മൂക്കയുമായി സംസാരിച്ചു… അതൊക്കെ ‘ഉണ്ട’യില്‍ നിന്നു കിട്ടിയ ഗുണങ്ങളാണ്. ‘ഉണ്ട’യില്‍ ഷൂട്ട് കഴിഞ്ഞ് പാക്കപ്പായി പോവുമ്പോള്‍ മമ്മൂക്ക ഹോട്ടലിലേക്ക് വിളിച്ച് ഡിന്നറും പാര്‍ട്ടിയുമൊക്കെ നടത്തിയിരുന്നു… അന്ന് ശരിക്കു മമ്മൂക്ക മനസ്സ് തുറന്നു സംസാരിച്ചു… നമ്മള്‍ അത്രയും ആരാധിക്കുന്നൊരു നടന്‍ നമ്മളോട് സംസാരിക്കുമ്പോള്‍ അത്ഭുതമായിരുന്നു…! ഞങ്ങള്‍ നാല്‍പ്പത് ദിവസം അദ്ദേഹവുമായി ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇപ്പോഴും മമ്മൂക്കയെ കാണുമ്പോള്‍ പെട്ടെന്നൊരു എക്‌സൈറ്റ്‌മെന്റാണ്… വേറൊരു മനുഷ്യനാണത്.
- മമ്മൂക്ക പൊതുവേ ഗൗരവക്കാരനാണെന്നു പറയാറില്ലേ…?
ആദ്യ ദിവസം പോയപ്പോള്‍ അങ്ങനെ തോന്നിയിരുന്നു. പുള്ളീടെ ഒരു രീതിയാണത്… മമ്മൂക്കയോടൊപ്പം ആദ്യ ഷോട്ടില്‍ കൂടെ അഭിനയിച്ചത് ഞാനായിരുന്നു. പുള്ളി സ്‌ക്രിപ്‌റ്റൊക്കെ വായിച്ചിട്ട് ചോദിച്ചു ഏതാണ് അദ്ദേഹത്തിന്റെ കൂടെയുള്ള ആ പോലീസുകാരനെന്ന്. അപ്പോള്‍ ഞാനാണെന്നു മറുപടി പറഞ്ഞു. ‘ഈ ഷോട്ടില്‍ താനെങ്ങനെയാ നടന്നു വരിക’ എന്നു മമ്മൂക്ക എന്നോട് ചോദിച്ചു. അഭിനയിക്കുന്നത് ഒന്നു കാണിക്കാനും പറഞ്ഞു. ഞാന്‍ സത്യത്തില്‍ മമ്മൂക്കയെ കണ്ട് ‘കിളി പോയി’ നില്‍ക്കുമ്പോഴാണ് എന്നോടിത് പറയുന്നത്… ഞാനത് പോലെ നടന്നു വന്നു. അപ്പോള്‍ മമ്മൂക്ക വീണ്ടും എന്നോട് ചോദിച്ചു ‘ഞാനൊന്നു നടന്നു കാണിക്കട്ടേ?’ എന്ന്… എന്നിട്ട് മമ്മൂക്ക നടന്നു കാണിച്ചിട്ട് ചോദിച്ചു ‘ഇത് പോലെ നടക്കാന്‍ പറ്റുമോ?’ എന്ന്. ഇതൊക്കെ പുള്ളി വെറുതേ ഓളമാക്കാന്‍ പറയുന്നതാണ്… രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും മമ്മൂക്ക വളരെയധികം ക്ലോസായി. മമ്മൂക്ക ഉള്ളപ്പോഴായിരുന്നു ഞങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മളും അഭിനയിച്ചുപോകും. പുള്ളി അത് വരെ തമാശയൊക്കെ പറഞ്ഞു നില്‍ക്കും. പക്ഷെ ‘റോള്‍, ക്യാമറ, ആക്ഷന്‍’ എന്നു പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം കഥാപാത്രമാണ്. പെട്ടെന്നാണ് അദ്ദേഹം അഭിനയത്തിലേക്ക് മാറുന്നത്. അപ്പോള്‍ നമ്മളും മാറിപ്പോകും…
- മമ്മൂക്ക നല്‍കിയ ആക്ടിംഗ് ടിപ്‌സ്..?
ഒരുപാട് നിര്‍ദ്ദേശങ്ങളും, അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം അദ്ദേഹം പറഞ്ഞ് തന്നിട്ടുണ്ട്. നമ്മളോടുള്ള സ്‌നേഹംകൊണ്ടാണ് മമ്മൂക്ക അതെല്ലാം പറയുന്നത്. ഞാന്‍ ആദ്യമേ മമ്മൂക്കയുടെ വലിയൊരു ആരാധകനാണ്… ‘ഉണ്ട’യും കൂടി കഴിഞ്ഞപ്പോഴേക്കും ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറി…
- വരാനിരിക്കുന്ന ചിത്രം ‘തല്ലു മാല’യുടെ വിശേഷങ്ങള്‍…?
മുഹ്‌സിന്‍ പരാരിയുടെ ചിത്രമാണ് ‘തല്ലുമാല’. ഞാനതില്‍ ഏത് ക്യാരക്ടറാണ് ചെയ്യുന്നതെന്നൊന്നും തീരുമാനമായിട്ടില്ല… ആഷിക് അബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. തല്ലു പരിപാടിയുമൊക്കെ ആയിട്ടുള്ളൊരു ചിത്രമാണിതെന്നാണ് എന്റെ ധാരണ… ഷൂട്ട് തുടങ്ങാന്‍ മാര്‍ച്ചൊക്കെ കഴിയും.
- കമ്മിറ്റ് ചെയ്ത മറ്റേതെങ്കിലും പ്രൊജക്ടുകളുണ്ടോ മുന്നില്‍…?
ജനുവരി, ഫെബ്രുവരിയിലൊക്കെ കമ്മിറ്റ് ചെയ്ത കുറേ ചിത്രങ്ങളുണ്ട്… അത് പറയാറായിട്ടില്ല. ഇപ്പോള്‍ തുടങ്ങിയത് അജഗജാന്തരമാണ്. ആന്റണി പെപ്പെ, അര്‍ജ്ജുന്‍ അശോകന്‍, സുധി കോപ്പ എന്നിവരാണ് മറ്റ് താരങ്ങള്‍. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ഒരുക്കിയ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
- കൂട്ടായ്മയുടെ ബലം ലുക്മാനെ എത്രമാത്രം സഹായിച്ചു. സിനിമ ആഗ്രഹിക്കുന്ന ചെറുപ്പക്കാരോട് എന്താണ് പറയാനുള്ളത്..?
ഓരോ വര്‍ഷം കഴിയുന്തോറും സിനിമയുടെ രീതികള്‍ മാറിക്കൊണ്ടിരിക്കും… സിനിമയിലേക്ക് കറക്ടായിട്ട് ഒരു വഴിയൊന്നുമുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. കഷ്ടപ്പെടുക, പരിശ്രമിക്കുക, പിന്നെ എത്തിപ്പെടുന്ന ടീം വളരെ പ്രധാനപ്പെട്ടതാണ്… ആദ്യമൊരു നല്ല സൗഹൃദം ഉണ്ടാവുക എന്നതാണ് പ്രധാനം. നമ്മുടെ സൗഹൃദത്തില്‍ തന്നെ ഡയറക്ടറാവാനും അഭിനയിക്കാനും എഡിറ്ററാവാനുമൊക്കെ ആഗ്രഹമുള്ളവര്‍ ഉണ്ടാവും… അവരെല്ലാവരും കൂടെ ഷോര്‍ട്ട് ഫിലിമുകളും ചെറിയ സിനിമകളൊക്കെ ചെയ്ത് ശ്രമിക്കുക… നമ്മുടെ അടുത്ത് ‘കാലിബര്‍’ അഥവാ മരുന്നുണ്ടെങ്കില്‍ നമുക്ക് എവിടെയും കയറി ചെല്ലാം… ഇപ്പോഴുള്ള ഡയറക്ടേഴ്‌സ് ആരും ആരെയും സ്വീകരിക്കാത്ത ആള്‍ക്കാരല്ല… എന്നോട് തന്നെ ഒരുപാട് ആള്‍ക്കാര്‍ ‘ചാന്‍സ് തരുമോ?’ എന്നെല്ലാം മെസ്സേജ് അയച്ച് ചോദിക്കാറുണ്ട്… ഞാന്‍ അനുഭവിച്ച അതേ സാഹചര്യത്തിലൂടെയാണ് അവരും കടന്നു പോകുന്നതെന്നതിനാല്‍ എനിക്കത് മനസ്സിലാവും. അവരോടൊക്കെ ഞാന്‍ പറയാറ് നിങ്ങള്‍ ഓഡീഷന് പോകൂ.., ഏതൊക്കെ വഴിയുണ്ടോ ആ വഴിയിലൂടെയൊക്കെ ട്രൈ ചെയ്യൂ, ഷോര്‍ട്ട് ഫിലിം ചെയ്യൂ എന്നൊക്കെയാണ്. അങ്ങനെയൊക്കെ ട്രൈ ചെയ്ത് വരാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്… എന്റെ അത്രയും വലിയ ആഗ്രഹമായിരുന്നു ‘സിനിമയിലെത്തുക’ എന്നത്.
- ഫാമിലി…
വീട്ടില്‍ ഉമ്മ, ഉപ്പ, സഹോദരങ്ങള്‍. പിന്നെ ഞങ്ങള്‍ അഞ്ച് മക്കളാണ്… ഞാന്‍ രണ്ടാമത്തെ ആളാണ്. ആദ്യം എന്‍ജിനിയറിംഗ് കഴിഞ്ഞ് ട്രെയിനിയായിട്ട് വര്‍ക്ക് ചെയ്യുകയാണെന്നാണ് വീട്ടില്‍ പറഞ്ഞത്. കാരണം വീട്ടുകാര്‍ ഗള്‍ഫില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു… നാല് മാസം കൂടി കഴിഞ്ഞാല്‍ പോകാമെന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. ഞാനിവിടെ മെഡിക്കല്‍ ഷോപ്പ്, ഡ്രൈവര്‍, ബയോഗ്യാസ് ജീവനക്കാരന്‍ തുടങ്ങിയ പല ജോലികളെല്ലാം ചെയ്ത് ഓഡീഷനെല്ലാം പോവുകയായിരുന്നു. വീട്ടുകാര്‍ക്ക് സംശയമുണ്ടാവാതിരിയ്ക്കാന്‍ കിട്ടുന്ന തുകയില്‍ പകുതി വീട്ടിലേക്ക് അയച്ച് കൊടുക്കും. കാരണം, വീട്ടുകാര്‍ ഒരിക്കലും സിനിമയെ അന്ന് സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. സിനിമയോടുള്ള ദേഷ്യം കൊണ്ടല്ല, സിനിമ ഒരു സ്ഥിരമായിട്ടുള്ള ജോലി അല്ല എന്നത്‌കൊണ്ടാണത്, കൂടാതെ ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിയുമാണ്. ‘KL10 പത്ത്’ ഇറങ്ങിയതോട്കൂടിയാണ് ഞാന്‍ സിനിമയില്‍ അഭിയിക്കുന്നുണ്ടെന്ന് വീട്ടുകാര്‍ അറിഞ്ഞത്… ഞാന്‍ അഭിനയിക്കുന്ന കാര്യമൊന്നും വീട്ടില്‍ പറഞ്ഞിട്ടില്ലായിരുന്നു. കാരണം വീട്ടില്‍ സിനിമ കാണാറില്ലായിരുന്നു… ഉമ്മയെയും കൂട്ടി ഞാന്‍ തിയേറ്ററില്‍ പോയിട്ടുണ്ട്. ഉപ്പ വന്നില്ല. ഉമ്മയ്ക്ക് വളരെയധികം ഇഷ്ടമായി. ഉപ്പ ടീവിയില്‍ വരുമ്പോള്‍ കാണും… പക്ഷെ ഉപ്പ അതിനെക്കുറിച്ചൊന്നും ചോദിക്കില്ല. ”നീ ഇങ്ങനെ സിനിമ എന്ന് പറഞ്ഞ് നടന്നോ..!” എന്നൊക്കെ പറയും. സഹോദരങ്ങളാണ് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട്. ”ഇക്കാ ഇതില്‍ തന്നെ നിന്നോ ട്ടോ…” എന്നാണ് അവര്‍ പറയാറ്. അവര്‍ക്ക് സന്തോഷമാണല്ലൊ, സ്‌ക്കൂളിലൊക്കെ പറഞ്ഞ് നടക്കാലോ…
- എഴുത്ത്, ഡയറക്ഷന്‍ എന്നിവയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ…?
അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല… കുറച്ച്കൂടെ നല്ല സിനിമകള്‍ ചെയ്യുക, നല്ല സിനിമകളുടെ ഭാഗമാകുക. എന്നിട്ട് ഒന്നുകൂടെ ആള്‍ക്കാര്‍ അറിയുന്ന താരമായി, നല്ല നടനായിട്ട് അടുത്ത പരിപാടി നോക്കാം… വേറൊന്നിലേക്ക് തിരിയണമെന്ന് തോന്നിയാല്‍ തിരിയാം..(ചിരിക്കുന്നു)