ലൂസിഫറിന് തുടക്കമിട്ട് ലാലേട്ടന്റെ ആരാധകര്‍ തയ്യാറാക്കിയ ബൂട്ട് ലെഗ്ഗ് മൂവി വൈറലാവുന്നു..

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാള യുവ നടന്‍ പൃഥ്വി തന്റെ സംവിധാന അരങ്ങേറ്റത്തിലൂടെ ഒരുക്കുന്ന ലൂസിഫര്‍ നാളെ തിയേറ്ററിലെത്തുകയാണ്. മോഹന്‍ ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന് ഈ അവസരത്തില്‍ ഒരു ഗംഭീരമായ തുടക്കം നല്‍കിക്കൊണ്ട് ഒരു ബൂട്ട് ലെഗ്ഗ്
യൂണിവേഴ്‌സുമായെത്തിയിരിക്കുകയാണ് ഒരു കൂട്ടം ലാലേട്ടന്‍ ആരാധകര്‍. വലിയ വലിയ സിനിമകളുടെ അതേ കഥാ പശ്ചാത്തലത്തില്‍ ആ ചിത്രത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമിനെയാണ് സാധാരണ ബൂട്ട് ലെഗ്ഗ് യൂണിവേഴ്‌സ് എന്ന് വിളിക്കാറ്. പതിനെട്ട് മിനറ്റോളം വരുന്ന ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന മോഹന്‍ ലാലിന്റെ കഥാപാത്രത്തിന് അര്‍ഹമായ ഒരു പരിവേഷം നല്‍കിയാണ് ആരാധകര്‍ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അരുണ്‍ ജി മേനോന്റെ സംവിധാനത്തില്‍ കൃഷ്ണദാസ് മുരളിയാണ് ഈ ലൂസിഫറിന്റെ ആമുഖ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹരിമോഹന്‍ ജി ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അച്യുതന്‍ എസാണ് ക്യാമറ നിര്‍വഹിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്നതു പോലെ വളരെ ഷെയ്ഡിയായിട്ടുള്ള ഒരു മോഹന്‍ ലാലിനെത്തന്നെയാണ് ഈ ഹ്രസ്വ ചിത്രത്തിലും കാണാന്‍ സാധിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മുരളി ഗോപി രചിച്ച് പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫര്‍ നാളെ ലോകമെമ്പാടുമായി റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തില്‍ പൃിഥ്വി രാജും പ്രധാന വേഷത്തിലെത്തുമെന്നറിഞ്ഞതോടെ ആരാധകരുടെ കാത്തിരിപ്പിന് ആകാംക്ഷയേറുകയായിരുന്നു. വിവേക് ഒബറോയ്, ടൊവീനോ തോമസ്, മഞ്ജു വാര്യര്‍ എന്നിങ്ങനെ നിരവധി താരങ്ങളും പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആരാധകര്‍ തയ്യാറാക്കിയ ബൂട്ട് ലെഗ്ഗ് യൂണിവേഴ്‌സ്..