“സിലിണ്ടർ ക്ഷാമം തുടർന്നാൽ ചിത്രീകരണങ്ങൾ പൂർണമായും നിർത്തിവെക്കേണ്ടി വരും”; ബാധിക്കുക 19 മലയാള സിനിമകളെ

','

' ); } ?>

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ക്ഷാമം തുടർന്നാൽ ചിത്രീകരണങ്ങൾ പൂർണമായും നിർത്തിവെക്കേണ്ടി വരുമെന്ന് ഫെഫ്ക വർക്കിങ് ജനറൽ സെക്രട്ടറി സോഹൻ സീനു ലാൽ. ണ്ട് ദിവസത്തിനുള്ളിൽ ഗ്യാസ് ലഭ്യത പൂർണ്ണമായും നിലയ്ക്കുമെന്നാണ് മെസ്സ് വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ടൈൽ ഇട്ട കെട്ടിടങ്ങളിലും ജനവാസ മേഖലകളിലും വിറകടുപ്പുകൾ ഉപയോഗിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ, വാണിജ്യ സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഗ്യാസ് സിലിണ്ടറുകളുടെ കടുത്ത ക്ഷാമം സിനിമാ ഷൂട്ടിങ്ങിനെ സാരമായി ബാധിച്ചു തുടങ്ങി. നിരവധി സിനിമകളാണ് ഇപ്പോൾ ഷൂട്ടിങ് നടക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ ഭക്ഷണ വിതരണത്തിൽ തടസം നേരിട്ട് തുടങ്ങി. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പൂർണമായും ഗ്യാസിൻ്റെ ലഭ്യത ഇല്ലാതെ ആകും എന്നാണ് നമ്മുടെ മെസ് ജോലിക്കാർ അറിയിച്ചിട്ടുള്ളത്. ഗ്യാസിന് പകരമായി വിറകടുപ്പുകൾ ഉപയോഗിക്കുന്നത് പല ലൊക്കേഷനുകളിലും പ്രായോഗികമല്ല. പല ഭക്ഷണവും വിറക് അടുപ്പിൽ ഉണ്ടാക്കാൻ പറ്റില്ല, പല സ്‌ഥലത്തും വിറകടുപ്പ് കൂട്ടാൻ പറ്റില്ല.

ടൈൽ ഇട്ട കെട്ടിടങ്ങളിലും പുക അയൽപക്കങ്ങളിൽ പ്രശ്‌നമുണ്ടാക്കുന്ന സ്‌ഥലങ്ങളിലും വിറകടുപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. നൂറ്റമ്പതോളം പേർക്ക് മൂന്ന് നേരം ഭക്ഷണം നൽകേണ്ട ലൊക്കേഷനുകളിൽ 24 മണിക്കൂറും അടുപ്പ് എരിയേണ്ടതുണ്ട്. ഈ സാഹചര്യം തുടർന്നാൽ ഷൂട്ടിങ് പൂർണമായും നിർത്തേണ്ടി വരും. അതുകൊണ്ട് ഗ്യാസിന് പകരം എന്ത് സംവിധാനം ഒരുക്കാൻ കഴിയും, മെനുവിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്നൊക്കെയുള്ള ചർച്ചകൾ ഇന്ന് മുതൽ നടത്തുന്നുണ്ട്.” സോഹൻ സീനു ലാൽ പറഞ്ഞു.

“വേറെ ഏതെങ്കിലും രീതിയിലുള്ള പാചക മാർഗങ്ങൾ അവലംബിക്കാൻ കഴിയുമോ എന്ന് നോക്കുന്നുണ്ട്. ചിലതൊക്കെ വളരെ സാമ്പത്തിക ചെലവുള്ളതാണ്. പിന്നീട് ഗ്യാസ് ലഭ്യമായി വരുമ്പോൾ ഇപ്പോൾ ഉണ്ടാക്കുന്ന സംവിധാനങ്ങൾ മാറ്റി വയ്‌ക്കേണ്ടി വരും, അത് വലിയ നഷ്ടമുണ്ടാക്കും. ഭക്ഷണം കൊടുക്കാൻ പറ്റാത്തതുണ്ട് ഷൂട്ടിങ് നിന്നുപോകുന്ന എന്ന അവസ്‌ഥ വരാനും പറ്റില്ലല്ലോ. ഷൂട്ടിങ് മുടക്കമില്ലാതെ നടക്കുകയും വേണം. നിർമാതാക്കൾക്ക് ബാധ്യത ഉണ്ടാകാത്ത രീതിയിൽ എന്ത് ചെയ്യാൻ പറ്റും എന്നാണ് ആലോചിക്കുന്നത്.

ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് ഇതുവരെ നിയന്ത്രണം വന്നിട്ടില്ല എന്നാണ് അറിയുന്നത്, വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ മുടക്കമില്ലാതെ എല്ലാവർക്കും കിട്ടാനുള്ള നടപടി അടിയന്തിരമായി ചെയ്‌തില്ലെങ്കിൽ നിരവധി തൊഴിലാളികൾ ബുദ്ധിമുട്ടിലാകും.”- സോഹൻ സിനു ലാൽ കൂട്ടിച്ചേർത്തു.

നിലവിൽ സംസ്‌ഥാനത്ത് ചിത്രീകരണം തുടരുന്ന 19 സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഭക്ഷണ വിതരണം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. മിക്കയിടങ്ങളിലും രണ്ട് ദിവസത്തേക്കുള്ള ഗ്യാസ് മാത്രമാണ് ‌സ്റ്റോക്കുള്ളതെന്ന് ഫെഫ്‌കയും (FEFKA) പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്‌തമാക്കി.

ഷൂട്ടിങ് നിർത്തിവയ്ക്കേണ്ടി വന്നാൽ നിർമാതാക്കൾക്ക് പ്രതിദിനം വലിയ നഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളെയും സാങ്കേതിക പ്രവർത്തകരെയും ഒന്നിച്ച് എത്തിച്ച് ചിത്രീകരണം തുടരുന്നതിനിടയിൽ ഇത്തരമൊരു തടസ്സം വരുന്നത് സിനിമയുടെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡൻ്റ് ബി. രാകേഷ് പറഞ്ഞു.

ഗ്യാസ് ലാഭിക്കുന്നതിനായി സെറ്റുകളിലെ ഭക്ഷണ മെനുവിൽ മാറ്റം വരുത്താൻ ചില ലൊക്കേഷനുകൾ നിർബന്ധിതരായിട്ടുണ്ടെന്ന് ഫെഫ്ക പാചക തൊഴിലാളി യൂണിയൻ സെക്രട്ടറി ജാഫർ കാഞ്ഞിരപ്പള്ളി പറയുന്നു. എന്നാൽ, ഗ്യാസ് വിതരണം സാധാരണ നിലയിലായില്ലെങ്കിൽ ഈ ക്രമീകരണങ്ങളും പരാജയപ്പെടുമെന്ന് സിനിമാ മേഖലയിലെ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.