ശോഭനയുടെ നൃത്താവിഷ്‌കാരം ‘ലോക്ക്ഡൗണ്‍ ഡയറീസ്’ കാണാം

കൊറോണയെ നേരിടാന്‍ നാട് ലോക്ക്ഡൗണില്‍ പ്രവേശിച്ചിരിക്കുമ്പോള്‍ കലാസ്വാദകര്‍ക്ക് നവ്യാനുഭവവുമായ് നടി ശോഭന. ലോക്ക് ഡൗണ്‍ ഡയറീസ് എന്ന പേരിലാണ് നടി സോഷ്യല്‍മീഡിയയിലൂടെ നൃത്താവിഷ്‌കാരങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. കലാര്‍പണ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ശോഭന (കൃഷ്ണ) എന്ന തന്റെ സ്ഥാപനത്തിലുള്ള ശിഷ്യര്‍ക്കൊപ്പമാണ് ശോഭന നൃത്താവിഷ്‌കാരമൊരുക്കിയിട്ടുള്ളത്. വീട്ടില്‍ നിന്നുള്ള നൃത്തപരിശീലനം കൂട്ടിയിണക്കിയാണ് ദൃശ്യാവിഷ്‌കാരമൊരുക്കിയിട്ടുള്ളത്. നമ്മള്‍ വീട്ടിലിരിക്കുമ്പോഴും നമുക്ക് ചുറ്റും നൃത്തമൊഴുകുന്നു എന്ന സന്ദേശമാണ് ഇതിലൂടെ ശോഭന പകരുന്നത്.

ആരാധകര്‍ക്ക് നേരത്തെ മുന്നറിയിപ്പുമായി ശോഭന എത്തിയിരുന്നു. തന്റെ ഡാന്‍സ് ഷോകളും സ്‌കൂളുമെല്ലാം ഉപേക്ഷിച്ച് താരവും വീട്ടിലിരിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാനുള്ള അവസരമാണിതെന്നാണ് ശോഭന പറയുന്നത്. ‘രാജ്യത്തെ രക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും കഴിയും. വീട്ടില്‍ തന്നെ ഇരിക്കുക, പുറത്ത് പോകരുത്. മാതൃരാജ്യത്തെ രക്ഷിക്കൂ. കൊവിഡ് ഒരിക്കലും തമാശയല്ല’ താരം പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയും പ്രതികരണവും തന്റെ ചിത്രവും താരം പങ്കുവച്ചിരുന്നു. മലയാളത്തിന്പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും ശോഭന അഭിനയിച്ചിരുന്നു. 2013 ല്‍ തിരയില്‍ അഭിനയിച്ച ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശോഭന ഈ വര്‍ഷം വരനെ ആവശ്യമുണ്ടിലൂടെ മടങ്ങി വരികയായിരുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.