എട്ട് വർഷങ്ങൾക്ക് ശേഷം ലിസിയുമായി ഒന്നിച്ച് പ്രിയദർശൻ; റിപ്പോർട്ട്

','

' ); } ?>

എട്ടു വർഷത്തെ വേർപിരിയലിന് ശേഷം വീണ്ടും ഒന്നിച്ച് സംവിധായകൻ പ്രിയദർശനും നടി ലിസിയും. 1990-ൽ വിവാഹിതരായ ഇരുവരും 2016-ലാണ് നിയമപരമായി വിവാഹമോചിതരായത്. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഔദ്യോഗികമായ വിവാഹ സർട്ടിഫിക്കറ്റ് ഇല്ല എന്നേയുള്ളൂ, മറിച്ച് തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നതെന്ന് പ്രിയദർശൻ തന്നെ വെളിപ്പെടുത്തിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ മിഡ് ഡേ റിപ്പോർട്ട് ചെയ്തു.

അടുത്തിടെ പ്രിയദർശനൊപ്പം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ലിസി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ ചർച്ചകൾ സജീവമായത്. ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയത് മുതൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം കൂടി എത്തിയതോടെ വാർത്തകൾക്ക് കൂടുതൽ സ്ഥിരീകരണമായി.

വ്യക്തി ജീവിതത്തിലെ ഈ വിശേഷങ്ങൾക്കിടെ പ്രിയദർശൻ തന്റെ നൂറാമത്തെ ചിത്രവും പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രം കുടുംബങ്ങൾക്കും കുട്ടികൾക്കും ആരാധകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന മ്യൂസിക്കൽ ആക്ഷൻ ഡ്രാമയായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, പ്രിയദർശനും അക്ഷയ് കുമാറും 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന ‘ഭൂത് ബംഗ്ലാ’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഏക്ത കപൂർ, ശോഭ കപൂർ, അക്ഷയ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഹൊറർ കോമഡി ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തും. രോഹൻ ശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.