നേതാക്കള്‍ കണ്ണുരുട്ടി…സത്യന്‍ അന്തിക്കാട് സിനിമ തുടരും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ പ്രതികരിച്ച വിഷയം രൂക്ഷമാകുന്നതിനിടെയാണ് സത്യന്‍ അന്തിക്കാട് സിനിമയ്ക്ക് തടസ്സവുമായി തൃക്കാക്കര നഗരസഭ രംഗത്തെത്തിയത്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിഷയത്തില്‍ ഇടപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണും സിനിമാക്കാരും തമ്മില്‍ നടന്ന ‘ഏറ്റുമുട്ടലിന്’ പരിഹാരം കണ്ടെത്തി്. സത്യന്‍ അന്തിക്കാട് ചിത്രത്തിനായി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ചിത്രീകരണത്തിന് നഗരസഭ വിട്ടുനല്‍കില്ലെന്നായിരുന്നു പിടിവാശി. ചിത്രീകരണത്തിന് തൃക്കാക്കര നഗരസഭ അനുമതി നിഷേധിച്ച സംഭവം വാര്‍ത്തയായതോടെയാണ് നേതാക്കള്‍ ഇടപെട്ടത്. വാര്‍ത്ത വിവാദമാകുകയും നിയമസഭയ്ക്ക് അകത്തും സമൂഹ മാധ്യമങ്ങളിലുമുള്‍പ്പെടെ ചര്‍ച്ചയാവുകയും ചെയ്തതോടെ നഗരസഭ സിനിമാചിത്രീകരണത്തിന് വിട്ടുനല്‍കാന്‍ തീരുമാനമാവുകയായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ചുമതലപ്പെടുത്തി. നേതാക്കള്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ ഷിയാസ് ഫോണില്‍ ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് അറിയിച്ചു.

തുടര്‍ന്ന് അപേക്ഷ ഫയലാക്കി കൊണ്ടുവരാന്‍ ആവശ്യപ്പെട്ട ചെയര്‍പേഴ്‌സണ്‍ ബുധനാഴ്ച ഉച്ചയോടെ തന്നെ ഫയലില്‍ ഒപ്പിട്ട് അനുമതി നല്‍കുകയായിരുന്നു. ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ അഭിനയിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം ഷൂട്ട് ചെയ്യാന്‍ അനുമതി തേടി ചൊവ്വാഴ്ച നഗരസഭയിലെത്തിയപ്പോഴാണ് അനുമതി നിഷേധിച്ച് ചെയര്‍പേഴ്‌സണ്‍ അവര്‍ക്കു നേരെ പൊട്ടിത്തെറിച്ചത്. തൃക്കാക്കര മുനിസിപ്പല്‍ ഓഫീസിന് തൊട്ടുപിറകിലുള്ള പഴയ ബസ് സ്റ്റാന്‍ഡാണ് ചിത്രീകരണത്തിന് ആവശ്യമുള്ളത്. പഴയ സ്റ്റാന്‍ഡ് അങ്ങനെ തന്നെ നിലനിര്‍ത്തി ചിത്രം ഷൂട്ട് ചെയ്യാന്‍ വെള്ളിയാഴ്ച ഒരു ദിവസത്തേക്കാണ് അനുമതി. വാടകയായി 11,800 രൂപ നഗരസഭയില്‍ അടച്ചിട്ടുണ്ട്. മീര ജാസ്മിന്‍ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രമാണ് ചിത്രീകരണം പുരോഗമിക്കുന്നത്.